pravasi-

ദുബായ്: കൊവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് സ്വദേശിയായ ആർ കൃഷ്ണ പിളളയാണ് ദുബായിൽ മരിച്ചത്. ഇതോടെ കൊവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി ഉയർന്നു. യു.എ.ഇയിലാണ് മലയാളികൾ കൂടുതലായി മരിച്ചത്. ആറ് ഗൾഫ് രാജ്യങ്ങളിലായി കൊവിഡ് മരണം 671 കടന്നു. സൗദി അറേബ്യയിലാണ് കൂടുതൽ മരണം. ഇന്നലെ പത്തുപേർ കൂടി മരിച്ചതോടെ 302 ആയി.

ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയിൽ രോഗികളുടെ എണ്ണത്തിലും വലിയ വർധനയാണ് ഉണ്ടായത്. 2,840 പേർക്കാണ് ഒരു ദിവസത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 52,016 ആയി. ഖത്തറിൽ ഇതുവരെ 15 പേരാണ് മരിച്ചത്. രോഗികൾ 30,972 ആയി ഉയർന്നു. യു.എ.ഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നാലുപേർ മരിച്ചു. ആകെ മരണം 214. രോഗികളുടെ എണ്ണം 22,627. കുവൈറ്റിൽ 11 പേർ കൂടി മരിച്ചതോടെ മരണസംഖ്യം 107 ആയി. 13,802 പേർക്കാണ് ഇവിടെ രോഗമുണ്ടെന്ന് കണ്ടെത്തിയത്. ബഹ്‌റൈനിൽ രോഗികളുടെ എണ്ണം 6,747. മരണം 12. ഒമാനിൽ മരണം 21 ആയി. രോഗികളുടെ എണ്ണം 5,029..