തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായെത്തിയ മൂന്നു വിമാനങ്ങളിലെ ആറ് യാത്രക്കാർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ ഓരോ യാത്രക്കാർക്കും കരിപ്പൂർ വിമാനത്താവളത്തിൽ നാലുപേർക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടത്.
അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ യാത്രക്കാരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാളുമായി വിമാനത്തിൽവച്ച് സമ്പർക്കം പുലർത്തിയതായി സംശയിക്കുന്ന പത്ത് യാത്രക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇത് കൂടാതെ വൃക്കസംബന്ധമായ രോഗങ്ങളെയും മറ്റ് അവശതകളെയും തുടർന്ന് മറ്റ് ആറുപേരെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി.
ഇന്ന് പുലർച്ചെയെത്തിയ അബുദാബി - കരിപ്പൂർ വിമാനത്തിലെ 150 യാത്രക്കാരിൽ നാലുപേർക്കാണ് കൊവിഡ് ലക്ഷണങ്ങൾ സംശയിച്ചിരിക്കുന്നത്. വിമാനത്തിൽ നിന്നിറങ്ങും വഴി എയ്റോ ബ്രിഡ്ജിൽ വച്ച് തന്നെ പനിയും ശരീരോഷ്മാവിൽ വ്യത്യാസവും അനുഭവപ്പെട്ട ഇവരെ വിമാനത്താവളത്തിനുള്ളിലേക്ക് കടക്കാൻ അനുവദിക്കാതെ റൺവേയിൽ നിന്ന് തന്നെ 108 ആംബുലൻസിൽ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുകയായിരുന്നു.
കൊച്ചി വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനും കൊവിഡ് ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നുവിമാനങ്ങളിലായി 537 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തിയത്. പതിവുപോലെ ശക്തമായ ആരോഗ്യ - സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ അനുവദിച്ചത്. പ്രായമായവരും ഗർഭിണികളുമുൾപ്പെടെ മുഴുവൻ യാത്രക്കാരെയും വീടുകളിലേക്കും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകാൻ ആവശ്യമായ ടാക്സികാറുകളും കെ.എസ്.ആർ.ടി.സി ബസുകളും ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരുന്നു.
ദുബായ്, മസ്ക്കറ്റ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് ഇന്ന് നാലുവിമാനങ്ങൾകൂടി കേരളത്തിലെത്തും. ഇതിന് പുറമേ മാലി ദ്വീപിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കാരുമായി നാവിക സേന കപ്പലും തീരമണയുന്നതോടെ ആയിരത്തിലധികം യാത്രക്കാരാണ് ഇന്ന് കേരളത്തിലെത്തുക. ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും വരുന്നവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ കൊവിഡിന്റെ മൂന്നാംഘട്ടത്തെ അതീവ ജാഗ്രതയോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്.