തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ക്രമാതീതമായാൽ മെഡിക്കൽ കോളേജുകളുൾപ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികൾ സമ്പൂർണ കൊവിഡ് ആശുപത്രികളാക്കി മാറ്റും. ഇതിനായി സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കും പരിശീലനം നൽകിത്തുടങ്ങി.
കൊവിഡ് ചികിത്സയ്ക്ക് പ്ലാൻ എ, പ്ലാൻ ബി. പ്ലാൻ സി ഇങ്ങനെ തിരിച്ചാണ് ആസൂത്രണം.മെഡിക്കൽ കോളേജുകൾ, ജില്ലകളിലെ പ്രധാന ആശുപത്രികൾ എന്നിവയെ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ പൂർണമായും കൊവിഡ് ആശുപത്രികളാക്കി മാറ്റും. 125 സ്വകാര്യ ആശുപത്രികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
11,084 ഐസൊലേഷൻ കിടക്കകളും 1679 ഐ.സി.യു കിടക്കകളും ഇതിലൂടെ ലഭിക്കും.അടുത്ത ഘട്ടത്തിലാണ് സ്വകാര്യ മേഖലയിലെ ആശുപത്രികളുടേയും സേവന ഉപയോഗിക്കുക.
അതേസമയം ടെസ്റ്റ് കിറ്റുകളുടെ ലഭ്യത പ്രധാന വെല്ലുവിളിയായി തുടരുകയാണ്. സംസ്ഥാനത്ത് മടങ്ങിയെത്തുന്നവർ കൂടിയതോടെ പരിശോധനകൾ എണ്ണം കൂടിയിട്ടുണ്ട്. രണ്ട് മാസത്തേക്കുള്ള കിറ്റുകളുടെ സ്റ്റോക്ക് ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. എച്ച്.എൽ.എല്ലുമായി ആഴ്ച്ചകൾക്ക് മുൻപ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായി കരാറായെങ്കിലും സാങ്കേതിക തടസങ്ങളിൽ കുരുങ്ങി ഇത് നീളുകയാണ്.