ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി വിമാനത്താവള അതാേറിറ്റി യാത്രക്കാർക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. നിർബന്ധമായും യാത്രക്കാർ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നാണ് പ്രധാനനിർദേശം. രോഗബാധയുള്ളവരെ കണ്ടെത്താനാണിത്. രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല, വിമാനത്താവളത്തിലെത്തുമ്പോഴും യാത്ര ചെയ്യുമ്പോഴും മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധം. സഹയാത്രക്കാരിൽ നിന്ന് നാലടി ദൂരം പാലിക്കണം.
യാത്രക്കാർ വിമാനത്താവളത്തിലെത്തും മുമ്പ് വെബ് ചെക്ക് ഇൻ ചെയ്യണം, ബോർഡിംഗ് പാസിന്റെ പകർപ്പ് കയ്യിൽ കരുതുക, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. രോഗലക്ഷണങ്ങൾ സംബന്ധിച്ചുള്ള പരിശോധനയിലടക്കം വിമാനത്താവള ജീവനക്കാരുമായി പൂർണമായി സഹകരിക്കണമെന്നും നിർദേശത്തിലുണ്ട്. വിമാന സർവീസുകൾ എന്നു മുതൽ ആരംഭിക്കുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്