തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഞായറാഴ്ചകളിൽ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ ഇന്ന് സംസ്ഥാനത്ത് പൂർണം. അത്യാവശ്യ സർവ്വീസുകളും, ഇരുചക്രവാഹനങ്ങളുമൊഴികെയുള്ള സ്വകാര്യ വാഹനങ്ങൾ മിക്കതും നിരത്തിൽനിന്ന് വിട്ടുനിന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മിക്ക ജില്ലകളിലും രാവിലെ മുതൽ ശക്തമായ മഴ അനുഭവപ്പെട്ടതും അനാവശ്യയാത്രകൾ ഒഴിവാക്കി ആളുകൾ വീട്ടിലിരിക്കാൻ ഇടയാക്കി.
മെഡിക്കൽ സ്റ്റോർ, പാൽ തുടങ്ങി അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാ കടകളും അടച്ചതോടെ കമ്പോളങ്ങളും വിജനമായി.അവശ്യസർവീസുകൾ മാത്രമാണ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയത്. അനാവശ്യമായി യാത്ര ചെയ്‌തവർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം നടന്നുപോകുന്നതിനും സൈക്കിൾ യാത്രയ്ക്കും അനുമതി നൽകി.
തിരുവനന്തപുരം നഗരസഭയിലെ മ്യൂസിയം- വെള്ളയമ്പലം, കവടിയാർ- വെള്ളയമ്പലം, കവടിയാർ- കുറവൻകോണം- പട്ടം റോഡുകൾ അടച്ചു. അവശ്യ സർവീസുകൾ മാത്രമാണ് ഈ റോഡുകൾ വഴി അനുവദിച്ചത്. കൊച്ചി, കോഴിക്കോട് നഗരസഭകളിലും പ്രധാന റോഡുകൾ അടച്ചു. തിരുവനന്തപുരം ചാല മാർക്കറ്റ് നിശ്ചലമായി. അവശ്യസാധനങ്ങൾ വിൽക്കുന്നതുൾപ്പടെയുള്ള കടകൾ തുറന്നില്ല. നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും പൊലീസ് പരിശോധനയും കർശനമാക്കിയിരുന്നു.
ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് രാവിലെ തന്നെ പൊലീസിന്റെ പരിശോധന ആരംഭിച്ചിരുന്നു. ദേശീയ -സംസ്ഥാന പാതകളും, ജില്ലാ റോഡുകളും അടച്ച് പ്രധാന ജംഗ്ഷനുകളിലെല്ലാം പരിശോധന കർശനമാക്കി. അതിർത്തികളിൽ ഊടുവഴികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ഊടുവഴികളിലൂടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ സംസ്ഥാനത്തേക്ക് ഒളിച്ചുകടക്കുന്നത് തടയാൻ അതിർത്തികളിലും നിരീക്ഷണം ശക്തമാണ്.അനാവശ്യമായി വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
രാവിലെ മുതൽ സംസ്ഥാനത്തൊട്ടാകെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തക്കതായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയവരെ തിരിച്ചയച്ചു. പലയിടങ്ങളിലും തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. മാസ്ക് ധരിക്കാതെ എത്തിയവരും പലസ്ഥലത്തും പൊലീസ് പിടിയിലായി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ഡി.ജി.പി അറിയിച്ചു. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പൊലീസിന്റെ പ്രത്യേക പരിശോധന ഇന്നും തുടരും.