poli

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനക്രമങ്ങളിൽ മാറ്റം വന്നതോടെ പൊതുജനങ്ങൾക്ക് പൊലീസ് സേവനങ്ങൾക്കായി ഓൺലൈൻ സംവിധാനങ്ങളുടെ സഹായം തേടാം. പൊലീസ് സേവനങ്ങൾക്ക് പൊതുജനങ്ങൾ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കാനാണ് ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവിയുടെ പുതിയ മാർഗനിർദ്ദേശത്തിൽ നിർദേശിച്ചിരിക്കുന്നത്.

പരാതികൾ ഇ-മെയിൽ, വാട്സ് ആപ്പ് എന്നിവ മുഖേനയും കൺട്രോൾ റൂം നമ്പർ 112 മുഖേനയും നൽകാം. പരാതി നൽകുന്നതിനും, പരാതിയിന്മേലുള്ള നടപടി അറിയുന്നതിനും, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ജി.ഡി.കോപ്പി എന്നിവ ലഭിക്കുന്നതിനും പൊലീസ് പൊതുജന സൗഹാർദ്ദ പോർട്ടലായ തുണയുടെ സേവനം ഉപയോഗിക്കാം.

പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവർ സാമൂഹിക അകലം ഉൾപ്പെടെയുളള കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കൽ, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം. സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ പലതും അന്താരാഷ്ട്ര നിലവാരത്തിലുളളവയാണ്. പുതിയ മാർഗനിർദ്ദേശം നാളെ (മെയ് 18) നിലവിൽ വരും.