ചെന്നൈ: കൊവിഡ് കാലത്ത് പിടിച്ചു നിൽക്കാൻ എന്തെല്ലാം അഭ്യാസങ്ങളാണ് നടത്തുന്നത്. തമിഴ്നാട്ടിൽ കൊവിഡിന്റെ ഗ്രാഫ് താഴാൻ തുടങ്ങിയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ രോഗത്തിന് ഒരുശമനവുമില്ലെന്ന് മാത്രമല്ല,കുതിച്ചുയരുകയാണ്. സത്യത്തെ മറച്ച് വച്ച് സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നത്.
ഇന്നലെ 939 പേർ രോഗം മാറി ആശുപത്രി വിട്ടതോടെയാണ് രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴാൻ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി അവകാശപ്പെട്ടത്. എന്നാൽ ഇന്നലെ 477 പേർക്ക് കൂടി രോഗം ബാധിച്ചകാര്യം ആരോഗ്യ മന്ത്രി അറിഞ്ഞില്ലേ? രോഗികളുടെ എണ്ണത്തിൽ പകുതിയും ചെന്നൈ നഗരത്തിലാണ്. തമിഴ്നാട്ടിൽ ഇതുവരെ വൈറസ് ബാധയേറ്റത് 10585 പേർക്കാണ്. 6970 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സ്ഥിരീകരിക്കുന്നതിൽ അധികം പേർക്കു രോഗമുക്തി നേടാൻ തുടങ്ങിയതോടെയാണ് കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കാനായതായി സർക്കാർ അവകാശപ്പെട്ടത്.
ഇന്നലെ രോഗം കണ്ടെത്തിയ 477 പേരിൽ 332 പേരും ചെന്നൈ നഗരത്തിലാണ്.നഗരത്തിൽ രോഗമുക്തരാവുന്നവരുടെ എണ്ണം താരതമ്യേനെ കുറവാണ്. ഇന്നലെ പുറത്തുനിന്നെത്തിയ 93പേർ രോഗബാധിതരായി. ഇതിൽ നാലു പേർ ബംഗ്ലാദേശിൽ നിന്ന് എത്തിയതാണ്. മാലിദ്വീപിൽ നിന്നെത്തിയ ആറ് പേർക്കും രോഗം കണ്ടെത്തിയിരുന്നു. മുംബയിൽ നിന്ന് മടങ്ങിയെത്തിയ 81 പേർക്കും ഗുജറാത്തിൽ നിന്ന് എത്തിയ ഏഴപേർക്കും രോഗം ബാധിച്ചു.