covid-19

കൊൽക്കത്ത: ചികിത്സയിലൂടെ കൊവിഡ് ഭേദമായയാൾ നാട്ടുകാരെ പേടിച്ച് വീട്ടിലേക്ക് മടങ്ങാതെ റെയിൽവേ സ്റ്റേഷൻ അഭയകേന്ദ്രമാക്കി. പശ്ചിമ ബംഗാളിലെ നാൽപുർ ഗ്രാമത്തിലെ പന്നാലാൽ ഡേ എന്നയാൾക്കാണ് ഈ അവസ്ഥയിൽ കഴിയേണ്ടിവന്നത്.

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരനായ പന്നാലാൽ ഡേ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മേയ് 13ന് പൂർണമായി രോഗമുക്തി നേടിയതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ആളുകൾ തന്നോട് എങ്ങനെ പെരുമാറുമെന്ന ഭയം മൂലം സ്വന്തം വീട്ടിലേക്ക് പോയില്ല. തങ്ങാൻ വെറെ ഇടമില്ലാതായപ്പോൾ സംക്രൈൽ റെയിൽവേ സ്റ്റേഷൻ അഭയകേന്ദ്രമാക്കി.

പലരും നൽകിയ ഭക്ഷണവും വെള്ളവും കഴിച്ചാണ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞുകൂടിയത്.

വിവരം ശ്രദ്ധയിൽപെട്ട ഹൗറ പൊലീസ് കമ്മിഷണർ പന്നാലാലിനെ വീട്ടിലെത്തിക്കാനും ആവശ്യമായ സുരക്ഷ നൽകാനും നിർദേശിച്ചു. പൊലീസ് എത്തിയിട്ടും വീട്ടിലേക്ക് മടങ്ങാൻ പന്നാലാൽ തയ്യാറായില്ല. ഒടുവിൽ, കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയ ശേഷം പൊലീസ് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.