dam
dam

തിരുവനന്തപുരം: ലോക്ക് ഡൗണിനെത്തുടർന്ന് വൈദ്യുതി ഉത്പാദനം കുറഞ്ഞതിനാൽ കാലവർഷമെത്തും മുൻപേ ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. അപകടസാദ്ധ്യത മുന്നിൽക്കണ്ട് വെള്ളം ഒഴുക്കിക്കളയാനാണ് സർക്കാർ നിർദ്ദേശം. ലോക്ക് ഡൗണിൽ വാണിജ്യ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാൽ കഴിഞ്ഞ മൂന്ന് മാസമായി 40 ശതമാനത്തിലേറെ കുറവാണ് വൈദ്യുതി ഉപഭോഗത്തിലുണ്ടായത്. ഇതോടെയാണ് ഉത്പാദനം കുറച്ചത്. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ഇപ്പോൾ 40ശതമാനം വെള്ളമുണ്ട്. രണ്ട് ജനറേറ്ററുകൾ കേടായതിനാൽ ഇപ്പോൾ വൈദ്യുതി ഉത്പാദനവും കുറവാണ്. ലോക്ക് ഡൗൺമൂലം ജനറേറ്ററുകൾ നന്നാക്കാനായില്ല. കഴിഞ്ഞ രണ്ട് വർഷവും പ്രളയമുണ്ടായതിനാൽ ജൂണിന് മുമ്പ് വെള്ളംതുറന്നുവിട്ട് ജലനിരപ്പ് 30ശതമാനത്തിലാക്കും.

അണക്കെട്ടുകളിലെ ജലനിരപ്പ് സുരക്ഷിത നിലയിലാക്കി സൂക്ഷിക്കണമെന്നാണ് കേന്ദ്ര വാട്ടർ കമ്മിഷന്റെ കർശന നിർദ്ദേശം.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ചാണ് പ്രധാന അണക്കെട്ടുകളിലെ ജലശേഖരം കൈകാര്യം ചെയ്യുക. ഇതനുസരിച്ച് ഒാരോദിവസവും അണക്കെട്ടുകളിൽ സൂക്ഷിക്കേണ്ട ജലത്തിന്റെ അളവ് പ്രത്യേകം പറയുന്നുണ്ട്.

റൂൾകർവ് നിയമം എന്നാണ് ഇത് അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഇടുക്കി, ഇടമലയാർ, ബാണാസുരസാഗർ, ആനയിറങ്ങൽ തുടങ്ങി നാല് അണക്കെട്ടുകളിൽ റൂൾ കർവ് നിയമം ബാധകമാണ്. മറ്റ് അണക്കെട്ടുകളിൽ ദുരന്തനിവാരണ അതോറിട്ടിയുടെയും സർക്കാരിന്റെയും നിർദ്ദേശമനുസരിച്ചാണ് കെ.എസ്.ഇ.ബി ജലനിരപ്പ് താഴ്ത്തുക. എറണാകുളത്തെ മലങ്കരഡാം, തിരുവനന്തപുരത്തെ അരുവിക്കര എന്നിവിടങ്ങളിൽ ഇന്നലെ തന്നെ ജലം തുറന്നുവിട്ടു.

 10% അധികം മഴ വന്നാലും

ഡാമുകൾ സുരക്ഷിതം

കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പ്രവചിച്ചതിലും 10% അധികം മഴ സംസ്ഥാനത്തുണ്ടായാലും ഡാമുകൾ സുരക്ഷിതമായിരിക്കും. ഇതിനുള്ള മുൻകരുതലുകളെടുത്തിട്ടുണ്ട്. എമർജൻസി ആക്ഷൻ പ്ളാനിൽ പറയുന്ന തരത്തിൽ സംസ്ഥാനത്തെ ഡാമുകൾ കൈകാര്യം ചെയ്യാൻ സംവിധാനവുമൊരുക്കി.

-എൻ.എസ്. പിള്ള, കെ.എസ്.ഇ.ബി ചെയർമാൻ

സംസ്ഥാനത്തെ അണക്കെട്ടുകൾ

ആകെ -79

വൈദ്യുതി ഉത്പാദിപ്പിക്കുന്നത് -57

ശരാശരി സ്റ്റോറേജ്

2020ൽ -36%

2019ൽ -25.9%

2018ൽ 32%

(റിവർ പ്രൊട്ടക്ഷൻ കൗൺസിൽ നിർദ്ദേശം -25%)

ഓരോ വർഷത്തെയും വൈദ്യുതി ഉത്പാദന ശേഷി (ദശലക്ഷം യൂണിറ്റിൽ )

(@ജലനിരപ്പിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുക)

2016 -964 ദശലക്ഷം യൂണിറ്റ്

2017 - 559.8

2018 - 1359.21

2019 - 834.52 (പ്രളയത്തെത്തുടർന്ന് ഡാമുകൾ തുറന്നു)

2020 -1279.88

പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്

(സംഭരണശേഷി, നിലവിൽ, ശതമാനം, സുരക്ഷാനിർദ്ദേശമനുസരിച്ച് പാലിക്കേണ്ട ശതമാനം )

1.ഇടുക്കി 2403 അടി -2342.5 - 40%- 25%

2.ഇടമലയാർ 169അടി- 133 - 38%- 25%

3.ആനത്തോട് 981 അടി-946- 21.65% - 15%

4.പമ്പ 986.33 അടി - 963.5- 21.22% - 15%

5.ബാണാസുരസാഗർ - 775.6 - 758- 20.17% -20%

6.മാട്ടുപ്പെട്ടി 1599.55 - 1584.-39%- 25%

7.ആനയിറങ്കൽ 1207 - 1191- 8% - 15%

8.ലോവർപെരിയാർ 253 - 248 - 67.55% - 30%