തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തുമെന്നുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനങ്ങളിലെ ഭരണ സ്തംഭനം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും ഐസക്ക് വ്യക്തമാക്കി. അതേസമയം വായ്പാ പരിധി ഉയർത്തുന്നതിന് മുന്നോട്ടുവച്ച ഉപാധികൾ ചർച്ചചെയ്യുകയോ ഒഴിവാക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായ്പാ പരിധി ഉയർത്തിയതോടെ കേരളത്തിന് 18087 കോടി രൂപ അധികം വായ്പയെടുക്കാം. സംസ്ഥാനത്തിന്റെ വരുമാന ഇടിവിന്റെ പകുതി മാത്രമേ ഇതിലൂടെ നികത്താൻ കഴിയൂ. ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രസർക്കാർ പൂർണമായി നൽകണം. കൊള്ളപ്പലിശ ഒഴിവാക്കാൻ കേന്ദ്രം വായ്പയെടുത്ത് നൽകണം. കേന്ദ്രബഡ്ജറ്റിലുള്ള സംസ്ഥാനവരുമാനത്തിന്റെ അഞ്ചുശതമാനം എടുക്കാൻ അനുവദിക്കണം.
തൊഴിലുറപ്പ് കൂലി മുൻവർഷത്തെ അനുപാതത്തിൽ മുൻകൂറായി നൽകണം. വിരമിക്കൽ പ്രായം ഉയർത്താൻ സർക്കാർ ആലോചിക്കുന്നില്ല. നിയമനനിരോധനമില്ല. ഒഴിവുള്ള തസ്തികകൾ നികത്തും.പ്രതിസന്ധികാലഘട്ടത്തെ കേന്ദ്രം പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള അവസരമാക്കി. പൊതുമേഖലാസ്ഥാപനങ്ങളെ ഒഴിവാക്കാൻ നിബന്ധനയായി വന്നാൽ അംഗീകരിക്കില്ല. ഊർജമേഖലയിൽ കേന്ദ്രം പറയുന്ന പല പരിഷ്കാരങ്ങളും നടപ്പാക്കാനാവില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
അതേസമയം, സംസ്ഥാനങ്ങളുടെ വായ്പാപരിധി മൂന്നുശതമാനത്തിൽ നിന്ന് അഞ്ചുശതമാനമാക്കി ഉയർത്തിയതിലൂടെ കേന്ദ്രം അംഗീകരിച്ചത് കേരളത്തിന്റെ ദീർഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ പ്രളയകാലം മുതൽ കേരളം ആവശ്യപ്പെടുന്നതാണിത് ഇക്കാര്യം. ഈ സാമ്പത്തിക വർഷത്തേക്കുമാത്രമാണ് ഇളവ്. ഇതിലൂടെ കേരളത്തിന് 18,000 കോടി രൂപ കൂടി കടമെടുക്കാം. എന്നാൽ കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ പാലിക്കുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി ആയിരിക്കും വായ്പാ പരിധി ഉയർത്തുക.
എന്തിന് കടമെടുക്കുന്നു എന്നതിനൊരു ഉപാധിയാണ് മുന്നോട്ടുവയ്ക്കുന്നത്. ചില പ്രത്യേകമേഖലകൾക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ. കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമം, തൊഴിൽ കൂട്ടൽ, ഭക്ഷ്യധാന്യം വിതരണം ചെയ്യൽ, ഊർജമേഖല, ആരോഗ്യ, ശുചിത്വ മേഖലകളിലേക്കായി മാത്രമേ ഇത് ഉപയോഗിക്കാവൂ. പക്ഷേ, മൂന്നര ശതമാനം വരെ കടമെടുപ്പ് നടത്തിയാൽ അതിന് ഈ ഉപാധികൾ ബാധകമല്ല. അതിന് മുകളിൽ കടമെടുത്താൽ അത് അത് അനുവദിക്കപ്പെട്ട മേഖലകളിലേ നടത്താവൂ.
ഉപാധികളിൽ മൂന്നെണ്ണം വിജയകരമായി നിർവഹിച്ചാലേ ഉപാധികളില്ലാതെ ചെലവഴിക്കാനാവുന്ന അരശതമാനം ലഭിക്കുന്ന എന്നാണ് ഇപ്പോഴറിയുന്നത്. പൊതുവിപണിയിൽ നിന്ന് കടമെടുക്കാനാണ് അനുവാദം നൽകുന്നതെങ്കിൽ പലിശ ഇനത്തിൽ വൻതുകയായിരിക്കും കൊടുക്കേണ്ടിവരിക. അതിനാൽ റിസർവ് ബാങ്കിൽ നിന്ന് കടമെടുക്കാനാവും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ശ്രമിക്കുക.