കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഏഴാം വാർഡായ വെള്ളൂർക്കോണം പ്രദേശത്തെ ഓടകൾ വൃത്തിയാക്കുന്നില്ലെന്ന് പരാതി. നാവായിക്കുളത്ത് നിന്ന് ഡീസന്റ്മുക്കിലേക്ക് പോകുന്ന റോഡിനോട് ചേർന്നുള്ള പ്രധാന ഓടയാണ് മാലിന്യവും മണ്ണും നിറഞ്ഞ് വൃത്തിഹീനമായ നിലയിലുള്ളത്. ഓട അടഞ്ഞതോടെ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. പണ്ടു മുതൽക്കേ വെള്ളക്കെട്ടുള്ള റോഡിൽ മാലിന്യങ്ങൾ ഒഴുകി കുന്നുകൂടുന്നതിനാൽ ഇവ പകർച്ചവ്യാധിക്ക് കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. ഓട കാലാകാലങ്ങളിൽ വൃത്തിയാക്കാത്തതിനാൽ നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പ്രദേശത്തെ കാടുമൂടിക്കിടക്കുന്ന ഓടകളും ഇടറോഡുകളും തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.