vld-1

വെള്ളറട: വ്യാജച്ചാരായ നിർമ്മാണ കേസിൽ ഒളിവിലായിരുന്ന രണ്ടുപേർ കൂടി പിടിയിലായി. കീഴാറൂർ പെരുമൺചിറ പുത്തൻവീട്ടിൽ സന്തോഷ് (35), പെരുങ്കടവിള ആങ്കോട് തലമണ്ണൂർക്കോണം തോട്ടരികത്ത് വീട്ടിൽ പ്രകാശ് കുമാർ (42) എന്നിവരാണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. ശാസ്താംകോണം ചെറുവണ്ണൂർ വടക്കേക്കര പുത്തൻ വീട്ടിൽ കമലത്തി (48) ന്റെ വീട്ടിൽ ചാരായം നിർമ്മാണം നടത്തിവരികയായിരുന്നു മൂവർ സംഘം. കമലത്തെ പൊലീസ് പിടികൂടിയെങ്കിലും ഒപ്പമുണ്ടായിരുന്ന ഇവർ ഓടി രക്ഷപ്പെട്ടിരുന്നു. ആര്യങ്കോട് സി.ഐ പ്രദീപ് കുമാർ, എസ്.ഐ സജി ജി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.