വെഞ്ഞാറമൂട്: കിണറ്റിൽ വീണുമരിച്ച വൃദ്ധയെ കരയ്ക്കെടുക്കുന്നതിനിടെ കിണർ ഭാഗികമായി ഇടിഞ്ഞ് ഫയർമാന് പരിക്ക്. വെമ്പായം കൊപ്പം മടത്തിൽ വിള വീട്ടിൽ അമ്മു (80 ) ആണ് മരിച്ചത്. വെഞ്ഞാറമൂട് സ്റ്റേഷനിലെ ഫയർമാൻ അരുൺ മോഹൻ എം.ആർ ആണ് പരിക്കോടെയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 6.30 നാണ് സംഭവം.
അരുൺ മോഹൻ കിണറ്റിൽ ഇറങ്ങുകയും സംഘത്തിലെ മറ്റുള്ളവർ വൃദ്ധയെ വലയിൽ പുറത്തേക്ക് എടുക്കുകയുമായിരുന്നു. പെട്ടെന്ന് കിണറിന്റെ ഒരുഭാഗത്തുനിന്നുള്ള കല്ല് കിണറ്റിലേക്ക് പതിച്ചു. കല്ല് വീണത് അരുൺ നിന്നതിന്റെ മറുവശത്തായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. എഴുപതടിയോളം താഴ്ചയും പഴക്കവും ഉള്ള കിണർ ആയിരുന്നു. മറ്റംഗങ്ങൾ പെട്ടെന്ന് കിണറ്റിൽ ഇറങ്ങി അരുണിനെ കരയിൽ കയറ്റി. തോളിനും കൈമുട്ടിനും നടുവിനും സാരമായി പരിക്കേറ്റ അരുൺ മോഹനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. വൃദ്ധ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. മാനസിക വിഭ്രാന്തിയുള്ള ഇവർ കിണറ്റിൽ ചാടിയതാകാമെന്ന് പൊലിസ് പറഞ്ഞു. മുൻപും ഇവർ കിണറ്റിൽ ചാടാൻ ശ്രമം നടത്തിയിട്ടുള്ളതായി ബന്ധുക്കൾ പറഞ്ഞു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. രാജേന്ദ്രൻ നായർ, ലിനു, അഹമ്മദ് ഷാഫി അബ്ബാസി, സന്തോഷ്, ശിവകുമാർ, റജികുമാർ, അരവിന്ദ് എസ്. കുമാർ, അരുൺ എസ്. കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.