covid

സർക്കാർ കേന്ദ്രത്തിൽ ഏഴ് ദിവസത്തെ നിരീക്ഷണം കഴിഞ്ഞിട്ടും വീട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം : വിദേശത്ത് നിന്ന് കേരളത്തിലേക്ക് ആദ്യ വിമാനങ്ങളിലെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു ആ പ്രവാസികൾ. സർക്കാരിൻെറ കൊവിഡ് കെയർ സെൻററിൽ ഏഴ് ദിവസത്തെ നിരീക്ഷണവും പൂർത്തിയാക്കി.പക്ഷേ,സർക്കാർ പറഞ്ഞിരുന്നത് പോലെ വീട്ടിലേക്ക് മടങ്ങാൻ കഴിയാത്തിന്റെ ഉത്ക്കണ്ഠയിലാണവർ.

സർക്കാർ കേന്ദ്രത്തിൽ ഏഴു ദിവസവും, തുടർന്ന് വീട്ടിൽ ഏഴ് ദിവസവും നിരീക്ഷണം വേണമെന്നാണ് സംസ്ഥാന സർക്കാർ നേരത്തേ പറഞ്ഞിരുന്നത് എന്നാൽ പ്രവാസികൾക്ക് സർക്കാർ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്ന കേന്ദ്രസർക്കാർ നിർദേശം വന്നതോടെ ആശയക്കുഴപ്പമായി. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്,സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണം ഏഴ് ദിവസം മതിയെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ ആവർത്തിക്കുമ്പോഴും, ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് ഈ മാസം ഏഴിനാണ് ഗൾഫിൽ നിന്ന് ആദ്യ വിമാനങ്ങളെത്തിയത്. സർക്കാർ കേന്ദ്രത്തിൽ ഇവരുടെ നിരീക്ഷണം ഏഴിന് പകരം,ഇന്നലെ പത്ത് ദിവസം കഴിഞ്ഞു. ഇവരുടെ സാമ്പിൾ ശേഖരിക്കാനോ, വീട്ടിലേക്ക് വിടോനോ നടപടിയില്ല. ദുബായ് , അബുദാബി എന്നിവിടങ്ങളിൽ നിന്നായി 333 പേരാണ് ആദ്യ രണ്ട് വിമാനങ്ങളിലെത്തിയത്. ഇതിൽ രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കും ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ എന്നിവരെ വീട്ടിൽ നിരീക്ഷണത്തിനും അയച്ചു. മറ്റുള്ളവരാണ് സംസ്ഥാനത്തിൻെറ വിവിധ ജില്ലകളിലുള്ള സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ തുടരുന്നത്.

ലക്ഷണമില്ലെങ്കിൽ

പരിശോധനയില്ല

മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളെയും ഏഴാം ദിവസം നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് നേരത്തേപറഞ്ഞിരുന്നത്. ഇനി 14 ദിവസവും ലക്ഷണങ്ങളില്ലെങ്കിൽ പരിശോധനയില്ലാതെ വിട്ടയക്കാനാണ് തീരുമാനം.