വിതുര: ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് വരമായിരിക്കുന്നത് മലയോരമേഖലയിലെ വ്യാജമദ്യ ലോബികൾക്കാണ്. വനാന്തരങ്ങൾ കേന്ദ്രീകരിച്ച് വൻ വ്യാച ചാരായ നിർമാണമാണ് നടക്കുന്നത്. നിബിഡമായ വനപ്രദേശമായതിനാലും പൊലീസുകാർ കൊവിഡ് ഡ്യൂട്ടിയിലേക്ക് കൂടുതൽ ശ്രദ്ധനൽകുകയും ചെയ്തതോടെ വ്യാജചാരായ നിർമ്മാണം കൂണുപോലെ തലപൊക്കിയിരിക്കുകയാണ്. ആദിവാസിസമൂഹത്തെവരെ ചൂഷണം ചെയ്ത് ഇവർ വാറ്റ് ശക്തമാക്കിയിരിക്കുകയാണ്. ഒപ്പം ലോക്ക് ഡൗൺകാലത്ത് ആവശ്യത്തിന് മദ്യം ലഭിക്കാതായതോടെ ചോദിക്കുന്ന വിലയ്ക്ക് വാറ്റ്ചാരായം വാങ്ങാൻ നിരവധിപേരാണ് എത്തുന്നത്. ഇത് മികച്ച വരുമാനം വാങ്ങിത്തരുമെന്നതും ഒരു അനുഗ്രഹമായാണ് ഇവർ കാണുന്നത്. വ്യജമദ്യനിർമാണം തുടങ്ങിയതോടെ വ്യാപാരസ്ഥാപനങ്ങൾക്കും കുശാലാണ്. ശർക്കര, കരിപ്പോട്ടി, പഞ്ചസാര, ഇത്തരം സാധനങ്ങൾക്ക് വൻചെലവാണ്. ആവശ്യക്കാർ വർദ്ധിച്ചതോടെ ഈ സാധനങ്ങൾക്ക് വ്യാപാര സ്ഥാപനങ്ങളിൽ വിലയും വർദ്ധിച്ചു. വിതുരയിൽ നിന്നും മറ്റ് പുറം നാടുകളിൽ നിന്നും എല്ലാം നിരവധിപേരാണ് വാറ്റ്ചാരായം തിരക്കി വനത്തിനുള്ളിൽ എത്തുന്നത്. പതിനായിരം രൂപ മുടക്കി നിർമ്മിക്കുന്ന കോടയിൽനിന്ന് അൻപതിനായിരം രൂപ വരെയുള്ള ചാരായം നിർമ്മിക്കാം.
ലോക്ക് ഡൗൺ തുടങ്ങി ആളുകൾ വീട്ടിലിരിപ്പായതോടെ വീടുകളിൽ വരെ ചാരായം വാറ്റ് ആരംഭിച്ചു. ഇത്തരത്തിൽ വീടുകളിൽ നിന്ന് നിരവധി വ്യാജചാരായ വാറ്റാണ് പിടികൂടിയിട്ടുള്ളത്. ചിലർ വില്പനയ്ക്കായി വാറ്റുമ്പോൾ മറ്റ് ചിലർ സ്വന്തം ആവശ്യത്തിനാണെന്നുമാത്രം.
വാറ്റ് തിരക്കി വനത്തിനുള്ളിൽ എത്തുന്നവർ ആദിവാസി സമൂഹത്തിന് ഭീഷണി ഉയർത്തുകയാണ്. പകൽ സമയത്ത് പോലും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. ചേദിക്കാൻ ചെന്നാൽ അക്രമവും. പല ആദിവാസികുടുമ്പങ്ങളും ഭയം കാരണം പുറത്തിറങ്ങാതെ കഴിച്ചുകൂട്ടേണ്ട അവസ്ഥ. ഒപ്പം വാറ്റിന്റെ വീര്യം കൂട്ടാൻ സ്വകാര്യവ്യക്തികളുടെ മാവിൽ നിന്നും പട്ട ചെത്തി എടുക്കുന്നതായും പരാതിയുണ്ട്. ഇത്തരത്തിൽ പട്ട ചെത്തിമാറ്റുന്ന മാവിന്റെ തടി പട്ട്പോകും.
പൊലിസും എക്സൈസും വനപാലകരും ചേർന്ന് ശക്തമായ റെയ്ഡ് ആണ് നടത്തുന്നത്. മലയോര മേഖലയിൽ നിന്ന് ചാരായവാറ്റിലേർപ്പെട്ടിരുന്ന നിരവധിപേരെ പിടികൂടിയിട്ടുണ്ട്. പ്രതികളിൽ കൂടുതൽ പേരും ഓടി രക്ഷപെടുകയും ചെയ്തിട്ടുമ്ട്. ഇവർക്കായുള്ള തെരച്ചിലിലാണ് ഉദ്യോഗസ്ഥർ. ലക്ഷക്കണക്കിന് രൂപയുടെ വാറ്റുപകരണങ്ങളും ലിറ്റർ കണക്കിന് ചാരായവും, കോടയും പിടിച്ചെടുത്തു. റെയ്ഡുകൾ തുടരുകയാണെങ്കിലും വ്യാജവാറ്റിനെതിരെ തടയിടുവാൻ ഇനിയും സാധിച്ചിട്ടില്ല.