motor-vehicle-inspection

തിരുവനന്തപുരം: മഴക്കാലമായതോടെ റോഡപകടം നടക്കാതിരിക്കാൻ ജാഗ്രത പുലർത്തുന്നതിനായി അധികൃതർ ശ്രമം തുടങ്ങി. സംസ്ഥാനത്തെല്ലായിടത്തും വാഹന പരിശോധന ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും റോഡ് സേഫ്ടി കമ്മിഷണർ എൻ.ശങ്കർ റെഡ്ഡി കത്തയച്ചു. ട്രാഫിക് നിയന്ത്രണം കർശനമാക്കുക, പൊലീസും മോട്ടോർ വാഹന വകുപ്പും പ്രധാന റോഡുകളിൽ സംയുക്ത പരിശോധന നടത്തുക, ഡ്രൈവർമാർക്കായി ബോധവത്കര പരിപാടികൾ നടത്തുക, എൽ.പി.ജി, പെട്രോളിയം ടാങ്കറുകളുടെ അപകടമില്ലാതാക്കാൻ പ്രത്യേക ശ്രമം നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്.

ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ അപകടങ്ങൾ കുറവായിരുന്നെന്ന് ശങ്കർറെഡ്ഡി പറഞ്ഞു. മാർച്ച് 25 മുതൽ മേയ് 5 വരെ സംസ്ഥാനത്ത് 483 റോഡപകടങ്ങളാണ് നടന്നത്. ഇതിൽ 64 പേർ മരിക്കുകയും 482 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4437 റോ‌ഡപകടങ്ങൾ നടന്ന സ്ഥാനത്താണിത്. അപകടങ്ങളിൽ അന്ന് 565 പേർ മരിക്കുകയും 5005 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.