bus

ആലപ്പുഴ: കർണ്ണാടകയിൽ നിന്നെത്തിയ, ജില്ലക്കാരായ യുവതി ഉൾപ്പെടെ നാലു വിദ്യാർത്ഥികളെ ആലപ്പുഴ നഗരത്തിൽ ഇറക്കിയ ശേഷം കർണ്ണാടക രജിസ്ട്രേഷനിലുള്ള ബസുമായി ജീവനക്കാർ കടന്നു. പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് കൊവിഡ് കെയർ സെന്റർ ഇടപെട്ട് ആംബുലൻസിൽ ഇവരെ വീടുകളിലെത്തിച്ച് നിരീക്ഷണത്തിലാക്കി.

അരൂർ സ്വദേശികളായ സി. ചന്ദു, എം. മഹേഷ്, അനുപമ സുജിത്, മാന്നാർ ബുധനൂർ സ്വദേശി ബിസ്റ്റി എന്നിവരെയാണ് ഇന്നലെ രാവിലെ 9.30ന് നഗരത്തിലെ പുലയൻ വഴി മാർക്കറ്റ് ജംഗ്ഷനിൽ ഇറക്കി വിട്ടത്. ലോക്ക്ഡൗണിനെത്തുടർന്ന് വിജനമായ നഗരത്തിൽ കർണ്ണാടകയിൽ നിന്നുള്ള വാഹനത്തിൽ വന്നിറങ്ങിയ ഇവരെ കണ്ടതോടെ നാട്ടുകാർ വിവരം തിരക്കി. ഇതിനിടെ വാഹനം ദേശീയപാതയിൽ പ്രവേശിച്ച് തിരുവനന്തപുരം ഭാഗത്തേക്കു പോവുകയും ചെയ്തു. ഈ സമയം സ്ഥലത്തെത്തിയ പൊലീസുകാരൻ വിവരം കൺട്രോൾ റൂമിൽ അറിയിച്ചതോടെ പൊലീസ് സംഘം പാഞ്ഞെത്തി രേഖകൾ പരിശോധിച്ചു. കർണ്ണാടക ആരോഗ്യവിഭാഗം യാത്രാനുമതി നൽകിയ രേഖകൾ സംഘത്തിന്റെ പക്കലുണ്ടായിരുന്നു. ജില്ലയിലെത്തിയാൽ ഡി.എം.ഒ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ടായിരുന്നു. നഗരത്തിലെ ജനറൽ ആശുപത്രിയിലാണ് ഡി.എം.ഒ ഓഫീസ് പ്രവർത്തിക്കുന്നത്. അവിടം കഴിഞ്ഞ് തെക്കുഭാഗത്തേക്കു വന്നതിനാലാവാം സംഘത്തെ പുലയൻവഴി ജംഗ്ഷനിൽ ഇറക്കിയതെന്ന് കരുതുന്നു. ഇവർ വന്ന വാഹന കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസ്.