തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ആവശ്യക്കാർ കുറഞ്ഞതിനാൽ കമ്മ്യൂണിറ്റി കിച്ചണുകൾ വഴി വീടുകളിൽ ഭക്ഷണമെത്തിക്കുന്ന പദ്ധതി നഗരസഭ അവസാനിപ്പിച്ചു. അവസാന ദിവസമായ ഇന്നലെ കിച്ചണുകളിൽ നിന്ന് ചിക്കൻ ബിരിയാണിയാണ് വിതരണം ചെയ്തത്. കഴിഞ്ഞ 53 ദിവസങ്ങളിലായി 24,71,259 ഭക്ഷണപ്പൊതികൾ നഗരസഭ വിതരണം ചെയ്തു. 25 ഹെൽത്ത് സർക്കിളുകളിലായി 25 കമ്മ്യൂണിറ്റി കിച്ചണുകളാണ് നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്നത്. ആവശ്യക്കാർക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പ്രത്യേക കാൾസെന്ററും ഓൺലൈനായി രജിസ്റ്റർ ചെയ്യാനുമുള്ള സംവിധാനവുമൊരുക്കിയാണ് പരാതികളില്ലാതെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. ഇതിനായി രണ്ടായിരം വോളന്റിയർമാരുണ്ടായിരുന്നു. 8,14,659 പ്രഭാതഭക്ഷണവും 8,28,338 ഉച്ച ഭക്ഷണവും 8,28,262 രാത്രി ഭക്ഷണവുമാണ് നഗരസഭ ഇതുവരെയായി വിതരണം ചെയ്തിട്ടുള്ളതെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. 90,000 ഭക്ഷണ പൊതികൾ വരെ വിതരണം ചെയ്ത ദിവസങ്ങളുമുണ്ട്. സർക്കാരിന്റെ സൗജന്യ റേഷനും, പലവ്യഞ്ജന കിറ്റുകളുമൊക്കെ വീടുകളിലെത്തിയതിനെ തുടർന്ന് കമ്മ്യൂണിറ്റി കിച്ചണിനെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞതായും തുടർന്നാണ് വീടുകളിൽ ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം നഗരസഭ അവസാനിപ്പിച്ചതെന്നും മേയർ പറഞ്ഞു. അതേ സമയം യാചകർ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെ പാർപ്പിച്ചിട്ടുള്ള നഗരസഭാ ക്യാമ്പുകളിലും, മടങ്ങിയെത്തിയ പ്രവാസികൾക്കും മറുനാടൻ മലയാളികൾക്കുമായി നഗരസഭ ഒരുക്കിയ ക്വാറന്റൈൻ സെന്ററുകളിലെയും ഭക്ഷണ വിതരണത്തിനായി നാല് കമ്മ്യൂണിറ്റി കിച്ചണുകൾ തുടർന്നും പ്രവർത്തിക്കും. വിശന്നിരിക്കുന്നവർക്ക് ഭക്ഷണമെത്തിക്കാൻ ഉത്പന്നങ്ങളായും പണമായും നഗരസഭയെ സഹായിച്ചവർക്ക് നന്ദി അറിയിക്കുന്നതായി മേയർ പറഞ്ഞു.