
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ച ലോക്ക് ഡൗൺ ജില്ലയിൽ
സമ്പൂർണം. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും ഭൂരിഭാഗം കടകളും തുറന്നില്ല. കുറച്ച് ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പാൽ, പത്രം, മെഡിക്കൽ സ്റ്റോർ തുടങ്ങിയ അവശ്യസേവനങ്ങൾക്ക് തടസമുണ്ടായില്ല. നഗരത്തിലെ മ്യൂസിയം വെള്ളയമ്പലം, കവടിയാർ വെള്ളയമ്പലം, കവടിയാർ കുറവൻകോണം പട്ടം റോഡുകൾ രാവിലെ അഞ്ചു മുതൽ പത്തുവരെ പൊലിസ് അടച്ചു. നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും പൊലിസ് പരിശോധന നടത്തി. അനധികൃതമായി പുറത്തിറങ്ങിയവർക്കെതിരെ ഇന്നലെ 304 കേസുകൾ രജിസ്റ്റർ ചെയ്‌തു. 275 പേർ അറസ്റ്റിലായി. 181 വാഹനങ്ങൾ പിടിച്ചെടുത്തു.