bus

 മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ എത്തിക്കാൻ കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ആട്ടോറിക്ഷ,​ ടാക്സി സ‌ർവീസുകൾ പുനരാംഭിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടാകും.

ലോക്ക് ഡൗണിൽ അയവുവരുത്തി ബസ് സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും എങ്ങനെ നടത്തണമെന്നതിൽ ഗതാഗത വകുപ്പിന് ആശങ്കകളുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പുതിയ മാർഗനിർദേശങ്ങൾ ഇന്നു പുറപ്പെടുവിക്കും. കൂടിയ ചാർജ് ഈടാക്കുന്നതിനെ കുറിച്ചുള്ള തീരുമാനവും ഇന്നുണ്ടാകും.

സംസ്ഥാനത്തിനകത്തും മറ്റ് സംസ്ഥാനങ്ങൾ അനുവദിച്ചാൽ അവിടേക്കും സർവീസ് നടത്താമെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ്. എന്നാൽ യാത്രക്കാരെ പരിശോധിക്കുന്നതും സ്റ്റോപ്പുകൾ നിർണയിക്കുന്നതും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ എത്തിയിട്ടില്ല. അതേസമയം, തമിഴ്നാട്ടിലും കർണാടകയിലും നോർക്ക വഴി രജിസ്റ്റർ ചെയ്ത് നാട്ടിലെത്താൻ കാത്തിരിക്കുന്നവർക്കായി പ്രത്യേക ബസ് സർവീസുകൾ നടത്താൻ ഗതാഗത വകുപ്പ് തയ്യാറായിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കു വേണ്ടി ആവശ്യം അനുസരിച്ച് എല്ലാ ജില്ലയിലും സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി ഡിപ്പോ അധികാരികൾക്ക് നിർദ്ദേശം നൽകി.