തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കേന്ദ്ര പാക്കേജിൽ ആരോഗ്യമേഖലയെ അവഗണിച്ചെന്നും ധനമന്ത്രി നിർമ്മലാസീതാരാമന്റെ പ്രഖ്യാപനം തീർത്തും നിരാശാജനകമാണെന്നും സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് കേന്ദ്രം 15000 കോടി രൂപമാത്രമാണ് നീക്കിവച്ചിരിക്കുന്നത്. ഇത് നേരത്തെ മാറ്റിവച്ച തുകയാണ്. ജി.ഡി.പിയുടെ 1.1 ശതമാനം മാത്രമാണിത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജി.ഡി.പിയുടെ മൂന്നു ശതമാനം ആരോഗ്യമേഖലയ്ക്കായി മാറ്റിവയ്ക്കുമെന്ന് പറഞ്ഞെങ്കിലും അത് നടപ്പായിട്ടില്ല. കൊവിഡിന്റെ ഘട്ടത്തിൽ രണ്ട് ലക്ഷം കോടിയെങ്കിലും ആരോഗ്യമേഖയ്ക്കായി മാറ്റിവയ്ക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.