corona-new

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ജില്ലയിൽ പുതുതായി 569 പേർ കൂടി നിരീക്ഷണത്തിലായി. 141 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ആകെ 5,391 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഇന്നലെ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാർജ് ചെയ്‌തു. മെഡിക്കൽ കോളേജിൽ 11 പേരും ജനറൽ ആശുപത്രിയിൽ അഞ്ച് പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ അഞ്ച് പേരും എസ്.എ.ടി ആശുപത്രിയിൽ 12 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ 44 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ 101 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 78 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. വാഹനപരിശോധനയിൽ 10,408 പേരെ സ്ക്രീനിംഗിന് വിധേയരാക്കി. കഴിഞ്ഞദിവസം അബുദാബിയിൽ നിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന 182 യാത്രക്കാരിൽ 62 പേരാണ് തിരുവനന്തപുരം ജില്ലയിലുള്ളവ‌ർ. ഇവരിൽ രണ്ടുപേരെ ആശുപത്രിയിലും 40 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. 20 പേരെ വീടുകളിൽ നിരീക്ഷണത്തിനായി അയച്ചു.

 ആകെ നിരീക്ഷണത്തിലുള്ളവർ - 5,391
 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 5,037
 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 44
 കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 310
 ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ - 569