കൊല്ലം: എക്സൈസ് സംഘം വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 460 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഏഴുപേർക്കെതിരെ കേസെടുത്തു. മൂന്നുപേർ അറസ്റ്റിലായി. പുനുക്കന്നൂർ കൊച്ചുവിള വീട്ടിൽ സുനിൽ കുമാർ (44), പള്ളിമൺ, വട്ടവിള പവിത്രം വീട്ടിൽ വിഷ്ണു, തഴുത്തല പ്രേം നിവാസിൽ പ്രേംനാഥ് (32), പനയം വില്ലേജിൽ പെരുമൺ തുണ്ടത്തിൽ വടക്കതിൽ വീട്ടിൽ ശ്യാംകുമാർ (33), പെരുമൺ നരേന്ദ്രവിലാസം വീട്ടിൽ ചക്രം ഷാജിയെന്ന് വിളിക്കുന്ന ഷാജി, പെരുമൺ അജയഭവനത്തിൽ സുമേഷ്, ചിറ്റയം ജയഭവനം വീട്ടിൽ അരുൺ (26) എന്നിവർക്കെതിരെ കേസെടുത്തു. സുനിൽകുമാർ, വിഷ്ണു, പ്രേംനാഥ് എന്നിവരെ അറസ്റ്റ് ചെയ്തു. സുനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 50 ലിറ്റർ കോട, ശ്യാംകുമാർ, ഷാജി, സുമേഷ് എന്നിവർ സംയുക്തമായി ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 100 ലിറ്റർ കോട, അരുൺ സൂക്ഷിച്ചിരുന്ന 60 ലിറ്റർ കോട, വിഷ്ണു സൂക്ഷിച്ചിരുന്ന 190 ലിറ്റർ കോട, 10 ലിറ്റർ ചാരായം, വാറ്റ് ഉപകരണങ്ങൾ, പ്രേംനാഥ് സൂക്ഷിച്ചിരുന്ന 60 ലിറ്റർ കോട എന്നിവ കണ്ടെടുത്തു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ ശ്യാംകുമാർ, നിഷാദ്, സിവിൻ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നഹാസ്, വിഷ്ണു, നിതിൻ, മനു, അനൂപ്.എ. രവി, മനു.കെ. മണി, ഗോപകുമാർ, കബീർ, ക്രിസ്റ്റിൻ, ഡ്രൈവർ നിതിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശാലിനി ശശി, ബീന എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.