knife

വെള്ളറട: മദ്യ ലഹരിയിൽ റോഡിൽ കത്തിവീശി ഭീഷണി മുഴക്കിയ രണ്ടുപേരെ പൊലീസ് പിടികൂടി. കേരള -തമിഴ്നാട് അതിർത്തിയിലെ ചെറിയകൊല്ല പൊലീസ് ചെക്ക്പോസ്റ്റിലാണ് സംഭവം. മദ്യപിച്ച് ചെക്ക്പോസ്റ്റ് കടക്കാൻ ബുള്ളറ്റിലെത്തിയ രണ്ടംഗസംഘത്തെ പൊലീസുകാരൻ തടയാൻ ശ്രമിച്ചത് വാക്കേറ്റത്തിന് ഇടയാക്കി. കന്യാകുമാരി ദേവികോട് കുറുക്കോട് സ്വദേശികളായ ജോമോൻ,​​ റൂബിമോൻ എന്നിവരായിരുന്നു. ഇവരുടെ അതിക്രമങ്ങൾ കണ്ട ഒരു വ്യാപാരി പൊലീസിനെ അനുകൂലിച്ച് രംഗത്ത് എത്തിയത് മദ്യ ലഹരിയിലായിരുന്നവരെ പ്രകോപിപ്പിച്ചു. തുടർന്നാണ് സമീപത്തെ ഒരുകടയിൽ നിന്നു കത്തികൈക്കലാക്കി വ്യാപാരിക്ക് നേരെ എത്തിയത്. ചെക്ക്പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാർ വെള്ളറട സ്റ്റേഷനിൽ വിവരം അറിയിച്ചു. കൂടുതൽ പൊലീസുകാരെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽ കൊണ്ടുപോയി ലോക്ക് ഡൗൺ ലംഘനത്തിന് കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.