arrest

തിരുവനന്തപുരം: മാലമോഷണം നടത്താൻ ശ്രമിച്ചെന്നാരോപിച്ച് 19കാരനെ കൂട്ടികൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ തള്ളിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്‌തു. മരപ്പാലം സ്വദേശി അഭയ്‌നെ മർദ്ദിച്ച കേസിൽ അടുപ്പുകൂട്ടാൻപാറ സ്വദേശി സച്ചുലാൽ ( 21 ), അഞ്ചുമുക്കുവയൽ സ്വദേശി സിദ്ധാർഥ് (22) എന്നിവരെയാണ് പേരൂർക്കട പൊലീസ് പിടികൂടിയത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ മാല മോഷണം നടത്താൻ ശ്രമിച്ചെന്ന വ്യാജ ആരോപണം നടത്തി 15ന് രാവിലെ അഭയ്നെ വീട്ടിൽ നിന്നും വിളിച്ചിറക്കി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം കുമാരപുരം ചെന്നിലോട്ടെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയുമായിരുന്നു. വൈകിട്ട് വീട്ടിലെത്താത്തതിനെ തുടർന്ന് അഭയ്‌ന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് അവശനിലയിൽ അഭയ്നെ കണ്ടെത്തിയത്. പേരൂർക്കട സി,​ഐ വി. സൈജുനാഥ്, എസ്.ഐ സുനിൽ. വി, സഞ്ചു ജോസഫ്, ജൂനിയർ ഇൻസ്‌പെക്‌ടർമാരായ ജയേഷ്, അസിസ്റ്റന്റ് എസ്.ഐമാരായ അനിക്കുട്ടൻ നായർ, വിനോദ്, സി.പി.ഒമാരായ ഷംനാദ്, ബിനോയ്, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.