തിരുവനന്തപുരം: സംസ്ഥാനത്ത് നാലാംഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സർക്കാർ മാർഗനിർദേശം ഇന്നറിയാം. ട്രെയിൻ, ബസ് സർവീസുകൾ വ്യാപകമായി നടത്തണോ എന്നതിലും അന്തർ-ജില്ലാ-സംസ്ഥാന യാത്രകൾ എന്തെല്ലാം നിബന്ധനകൾക്ക് വിധേയമായി വേണമെന്നതിലും ഇന്ന് തീരുമാനമാകും. മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗൺ മാനദണ്ഡത്തിലുള്ളതിനാൽ മെയ് 26-ന് തുടങ്ങാനിരുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റാനാണ് സാധ്യത.
കേന്ദ്രം നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും പുതിയ ലോക്ക്ഡൗൺ മാർഗരേഖ സംസ്ഥാനം പുറത്തിറക്കുക. റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളും കണ്ടെയ്ൻമെന്‍റ് സോണുകളും ബഫർ സോണുകളും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും, എന്നാൽ കേന്ദ്രസർക്കാരിന്‍റെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഒരു കാരണവശാലും വെള്ളം ചേർക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന് പരീക്ഷകൾ മാറ്റിവച്ചേ തീരൂ.
മെയ് 31-ന് ശേഷം എപ്പോൾ പരീക്ഷകൾ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോൾ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ വേണം എന്നതും, അതിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം എന്നതും ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്. ഇത് വരെ പൂർത്തിയായ എസ്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് തുടങ്ങുകയാണ്.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾക്കായി കുട്ടികളെ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഓൺലൈൻ അഡ്മിഷനായി പോർട്ടൽ സംവിധാനം തയ്യാറാകുന്ന മുറയ്ക്ക് അപ്രകാരം അഡ്മിഷൻ നേടാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.