തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ഉംപുൻ ചുഴലിക്കാറ്റ് കൂടുതൽ തീവ്രമായി ബംഗാൾ തീരത്തേക്ക് നീങ്ങുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ പരക്കെ മഴ ലഭിക്കും. ഇപ്പോൾ ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 800 കി.മി അകലെയാണ് ചുഴലി സ്ഥിതി ചെയ്യുന്നത്. ഉത്തര ഒഡീഷയിലും ബംഗാളിലെ 24 പർഗാനാസ്, കൊൽക്കത്ത ജില്ലകൾ ഉൾപ്പെടെയുള്ള തീരദേശ മേഖല കളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 150 കി.മി.വേഗതയുള്ള കാറ്റിനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്.ബംഗാൾ ഉൾക്കടലിൽ കപ്പൽ , ബോട്ട് , വള്ളം എന്നിവ ഇറക്കുന്നത് നിരോധിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ . ഒഡിഷ, പശ്ചിമബംഗാൾ,ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും.
ഇന്നലെ രാത്രി കേരളത്തിലെ തെക്കൻ ജില്ലകളിൽ ഉൾപ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്