ജനീവ: കൊവിഡ് പ്രതിസന്ധിയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെകുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ രംഗത്ത്. മഹാമാരിക്കെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ പിന്തുണച്ചു.
ഓസ്ട്രേലിയയും യൂറോപ്യന്‍ യൂണിയനുമാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്. ഇന്ന് തുടങ്ങുന്ന 73ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വിഷയത്തിലെ കരട് പ്രമേയം മുന്നോട്ടുവയ്ക്കും. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന അന്വേഷിക്കണമെന്നും കരട് ആവശ്യപ്പെടുന്നുണ്ട്.
അംഗരാജ്യങ്ങളോടാലോചിച്ച് പടിപടിയായി സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണം. ലോകാരോഗ്യസംഘടന എടുത്ത കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തണം എന്നും കരട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയെ തന്നെ അനുവദിക്കുന്നത് "വേട്ടക്കാരനെയും ഗെയിംകീപ്പറെയുമാണ്" ഓര്‍മ്മിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.
ഇനിയൊരു മഹാമാരിയെ തടയുന്നതിനോ പ്രതിരോധിക്കുന്നതിനോ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനോ അന്താരാഷ്ട്ര സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള സഹകരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജപ്പാന്‍, യു.കെ, ന്യൂസ്ലാൻഡ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ എന്നിവയാണ് യൂറോപ്യന്‍ യൂണിയൻ കരടിനെ പിന്തുണച്ച മറ്റ് പ്രധാന രാജ്യങ്ങള്‍.