idukki-dam

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ മൂന്ന് ജനറേറ്ററുകൾ പ്രവർത്തിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വേനൽമഴ കനത്താൽ വൈദ്യുതോൽപ്പാദനം കൂട്ടി ജലനിരപ്പ് താഴ്ത്താൻ കഴിയില്ലെന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. ഉംപുൻ ചുഴലിക്കാറ്റിനെത്തുടർന്ന് ജില്ലയിൽ ഇപ്പോൾ ശക്തായ മഴയാണ്. മൂന്ന് ജനറേറ്ററുകളും പ്രവർത്തനക്ഷമമാക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് അറിയുന്നത്.

ആറ് ജനറേറ്ററുകളാണ് ഇടുക്കി ഡാമിലുള്ളത്. നിലവിൽഇതിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത് . മൂന്ന് മാസം മുമ്പുണ്ടായ പൊട്ടിത്തെറികളിൽ രണ്ട് ജനറേറ്ററുകൾ തകരാറിലായി. ഒരെണ്ണം വാർഷിക അറ്റകുറ്റ പണിയിലാണ്. ഇത് കഴിഞ്ഞ മേയ് പത്തിന് പ്രവർത്തനക്ഷമമാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ലോക്ക് ഡൗൺ പ്രതീക്ഷകൾ തെറ്റിച്ചു. ഈ മാസം അവസാനത്തോടെ ഈ ജനറേറ്ററിന്റെ പണിപൂ‍ർത്തിയാക്കുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

എന്നാൽ, മറ്റ് ജനറേറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് വിദേശത്ത് നിന്ന് സാമഗ്രഹികൾ കൊണ്ടുവരണം.തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തണം.ഇതിന് വേണ്ട നടപടികൾ കെ.എസ്.ഇ.ബി അധികൃതർ കൈക്കൊണ്ടിട്ടില്ലെന്നാണ് അറിയുന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് 41 ശതമാനമാണ്.

കഴിഞ്ഞ വർഷം ജൂൺ ഒന്നിന് ഡാമിൽ ഉണ്ടായിരുന്നത് വെറും 19 ശതമാനം വെള്ളം മാത്രമായിരുന്നു. മഴ കനത്താൽ ഒന്നരമാസത്തിനുള്ളിൽ ഡാം നിറയും. ഇതൊഴിവാക്കാൻ വൈദ്യുതോത്പാദനം കൂട്ടണം. ആറ് ജനറേറ്ററുകളും ഒന്നിച്ച് പ്രവർത്തിപ്പിച്ചാൽ 1.8 കോടി യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉത്പാദിപ്പിക്കാം. എന്നാൽ,നിലവിലെ ഉത്പാദനം 87 ലക്ഷം യൂണിറ്റാണ്.