തിരുവനന്തപുരം: മദ്യം വാങ്ങാൻടോക്കൺ എടുക്കുന്നതിനുള്ള ആപ്പിൽ തീരുമാനം വൈകുന്നതിനാൽ മദ്യക്കടകൾ തുറക്കുന്നത് വൈകിയേക്കും. നാളെ ആപ്പിന്റെ ട്രയൽ റൺ നടത്താനാണ് ഇപ്പോഴുള്ള ധാരണ. ആപ്പിന്റെ പ്രവർത്തനത്തിലും സാങ്കേതിക കാര്യങ്ങളിലും ബിവറേജസ് കോർപ്പറേഷനും എക്സൈസ് വകുപ്പും പൂർണ തൃപ്തരല്ല.ഫെയർകോഡ് എന്ന കമ്പനിയാണ് ആപ്പ് തയ്യാറാക്കുന്നത്. ഇവരുമായി കോർപ്പറേഷനും എക്സൈസ് വകുപ്പ് പലവട്ടം ചർച്ച നടത്തിയിരുന്നു.
മദ്യവില്പനശാലകൾ തുറക്കുമ്പോൾ ടോക്കൺ എടുക്കാൻ നിരവധിപേർ ഇടിച്ചുകയറുമെന്നതിനാൽ ആപ്പിന്റെ ശേഷിയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇക്കാര്യത്തിലാണ് അധികൃതർക്ക് തൃപ്തിയില്ലാത്തതെന്നാണ് റിപ്പോർട്ട്.ടോക്കൺ എടുക്കാൻ ആധാർ നമ്പർ റജിസ്റ്റർ ചെയ്യണമെന്നതിനാൽ വ്യക്തി വിവരങ്ങൾ പുറത്തുപോകാതിരിക്കാനുള്ള മുൻകരുതലും വേണം. നാളെ നടത്തുന്ന ട്രയൽറണ്ണിൽ വിജയിച്ചാൽ പ്ലേ സ്റ്റോറിൽ അപ്ലോഡ് ചെയ്യും.ഇപ്പോഴത്തെ ധാരണയനുസരിച്ച് ബുധനോ, വ്യാഴമോ മദ്യവില്പനശാലകൾ തുറക്കാനാണ് തീരുമാനം. ആപ്പിന്റെ കാര്യത്തിൽ തീരുമാനം വൈകിയാൽ ഇക്കാര്യവും നീണ്ടുപോകും.