ആന്ധ്രാപ്രദേശ്: നാട്ടിലെത്താന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിക്കാത്തതിനെ തുടര്‍ന്ന് വിശാഖപട്ടണത്ത് മലയാളി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം എരുമേലി സ്വദേശിയാണ് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ആറുപേര്‍ വിശാഖപട്ടണത്ത് കുടുങ്ങിയിട്ട് അറുപത് ദിവസത്തോളമായിരുന്നു.
ലോക്ക്ഡൗണിന് പിന്നാലെ വിശാഖപട്ടത്ത് വിഷവാതക ദുരന്തമുണ്ടായത് എല്ലാവരുടെയും മാനസികസംഘര്‍ഷം വര്‍ദ്ധിപ്പിച്ചിരുന്നു. പിടിവിട്ടുപോയ അവിനാഷ് കഴിഞ്ഞ തിങ്കളാഴ്ച ലോഡ്ജിലെ ടെറസില്‍ കയറില്‍ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചു. സുഹൃത്തുക്കള്‍ ഇടപെട്ട് ആശുപത്രിയിലെത്തിച്ചിട്ടും ഒരാഴ്ചയെടുത്താണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇപ്പോഴും മനസാകെ മരവിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരോട് കാര്യങ്ങള്‍ കൃത്യമായി പറയാന്‍ പോലും സാധിക്കുന്നില്ല.
സര്‍ക്കാരോ സന്നദ്ധസംഘടനകളോ ഇടപെട്ട് ഉടന്‍ നാട്ടിലെത്താനുള്ള വഴിയുണ്ടാക്കണമെന്നാണ് എല്ലാവരും അപേക്ഷിക്കുന്നത്. അവിനാഷും ആറ് സുഹൃത്തുക്കളും മാര്‍ച്ച് മാസം മൂന്നാംവാരത്തിലാണ് വിശാഖപട്ടണത്തേക്ക് യാത്രപോയത്. തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടയിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 60 ദിവസത്തോളമായി വിശാഖപട്ടണം സൂര്യഭാഗ് ജംഗ്ഷനിലെ ഒരു ലോഡ്ജിലാണ് ആറുപേരും താമസിക്കുന്നത്. കയ്യിലുണ്ടായിരുന്ന തുച്ഛമായ തുക മുഴുവന്‍ ലോഡ്ജ് വാടകയടച്ച് തീര്‍ത്തു. വിശാഖപട്ടണത്തുള്ള ചില മലയാളികളുടെ കനിവിലാണ് ഭക്ഷണം ലഭിക്കുന്നത്.