lock-down-

തിരുവനന്തപുരം: കൊവിഡ് നാലാംഘട്ട ഇളവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിനകത്ത് ബസുകൾ ഓടാനുള്ള സാദ്ധ്യതയില്ല. ഇന്ന് ചേരുന്ന യോഗത്തിൽ ബസ് ഓടിക്കണോ വേണ്ടയോ എന്നതിനെപ്പറ്റി ചർച്ച ചെയ്യും. കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ബസ് ഓടിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

രോഗപ്രതിരോധത്തിനെതിരായുള്ള ഒരു തീരുമാനവും എടുക്കാനാവില്ല. നേരത്തെയുണ്ടായിരുന്ന സ്ഥിതിയല്ല ഇപ്പോൾ. രോഗബാധിതരുടെ എണ്ണം കൂടി വരുന്നു. അത് കണക്കിലെടുത്തേ എന്ത് തീരുമാനവും എടുക്കാനാവൂ. കേന്ദ്രം അനുവദിച്ച ഇളവുകളെപ്പറ്റി ഇന്നത്തെ യോഗം ചർച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ മേഖലകൾ പ്രവർത്തിക്കാനാകും എന്ന് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

പൊതുഗതാഗതം തുടങ്ങുന്നത് മൂന്ന് രീതിയിൽ തരം തിരിച്ചായിരിക്കും. ജില്ലകൾക്കുളളിൽ ബസ് സർവീസ്, സംസ്ഥാനത്തികനത്ത് സർവീസ്, അന്തർ സംസ്ഥാന സർവീസ് എന്നിങ്ങനെയാണിത്. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളിൽ ഇതിൽ ഏത് പ്രാവർത്തികമാക്കാനാകുമെന്ന് ആലോചിക്കും. അത് രോഗവ്യാപനത്തിന് ഇടയാക്കുന്നതൊന്നും ചെയ്യാനാവില്ല. മേയ് 31 വരെ പൊതുഗതാഗതം തുടങ്ങാനിടയില്ല എന്ന സൂചനയാണ് മന്ത്രി നൽകുന്നത്.

കെ.എസ്.ആർ.ടി.സി ബസുകൾ 50 ശതമാനം യാത്രക്കാരുമായി സർവീസ് നടത്തുന്നതിനെപ്പറ്റി നേരത്തെ ഒരു ചിന്തയുണ്ടായിരുന്നു. എന്നാൽ അത് നഷ്ടത്തിനിടയാക്കുമെന്നതാണ് വിലയിരുത്തൽ. സ്വകാര്യബസുകളാകട്ടെ നിരക്ക് കൂട്ടണമെന്ന നിലപാടിലാണ്. നിരക്ക് കൂട്ടയാൽ തന്നെ സ്വകാര്യ ബസുകളിൽ യാത്രക്കാരെ കയറ്റുന്നതിനെ നിയന്ത്രിക്കാനാവാത്ത അവസ്ഥയുമുണ്ടാകും. ഇതെല്ലാം കണക്കിലെടുത്തായിരിക്കും സർക്കാർ തീരുമാനമുണ്ടാവുക.