കോട്ടയം: ഇന്നലെ രാത്രി പെയ്ത മഴയിൽ കോട്ടയം ജില്ലയിൽ വ്യാപകനാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മരങ്ങൾ കടപുഴകി വീണതോടെ നിരവധി വീടുകളാണ് ഭാഗികമായി തകർന്നത്. പലയിടത്തും വൈദ്യുതപോസ്റ്റുകൾ കടപുഴകിയും ഒടിഞ്ഞും വീണു.വൈക്കം മഹാദേവക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേട് പറ്റി. ഗോപുരത്തിന്‍റെ മുകളിൽ പാകിയിരുന്ന ഓടുകൾ പറന്നുപോയിട്ടുണ്ട്.
ടി.വി പുരത്തും വീടുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. വൈക്കത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് കേട് പറ്റി. ജില്ലയിൽ ഇപ്പോഴും ഇടയ്ക്കിടെ മഴ തുടരുന്നുണ്ട്. ഇന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ജില്ലാ ഭരണകൂടവും അറിയിച്ചു.