വാഷിംഗ്ടൺ: തന്നെ വിമർശിച്ച മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ബറാക് ഒബാമ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയിൽ കൊവിഡ് വ്യാപിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയം കാരണമാണെന്നായിരുന്നു ഒബാമ പറഞ്ഞിരുന്നത്.
'അദ്ദേഹം (ഒബാമ) തീരെ പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. ശരിക്കുപറഞ്ഞാൽ ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്-എന്നായിരുന്നു ഒബാമയ്ക്കുള്ള ട്രംപിന്റെ മറുപടി. കഴിഞ്ഞ ദിവസം സർവകലാശാല ബിരുദ ദാന ചടങ്ങിലാണ് ഒബാമ ട്രംപിനെ കുറ്റപ്പെടുത്തിയത്. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇത്. കുറച്ചുദിവസം മുമ്പും ഒബാമ ട്രംപിനെതിരേ രംഗത്തുവന്നിരുന്നു. രാജ്യത്ത് എല്ലാം കൈവിട്ട അവസ്ഥയിലാണെന്നാണ് തന്റെ ഭരണകാലത്തെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുമായുള്ള ഓൺലൈനിൽ സംസാരിക്കവെ ഒബാമ പറഞ്ഞത്.
ഭരണകൂടം ക്രിയാത്മകമായി ഇടപെടുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉത്തരവാദപ്പെട്ടവർ സ്വന്തം ചുമതലകൽ വഹിച്ചുകൊള്ളുമെന്ന് ഇനിയും വിശ്വസിക്കാനാവില്ല. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ പലരും ഉത്തരവാദപ്പെട്ടയാളാണെന്ന് ഭാവിക്കുന്നുപോലുമില്ലെന്നാണ് ഒബാമ പറഞ്ഞത്. ട്രംപ് ഭരണകൂടത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അമ്പേ പരാജയപ്പെട്ടെന്നും അതാണ് മരണസംഖ്യ ഉയർത്തിയതെന്ന വിമർശനുവമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു.