കാസർകോട്: കാസർകോട് ജില്ലാകളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. സംസ്ഥാനത്തെ 13 ജില്ലാ കളക്ടർമാരും മറ്റുസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാൻ പാസ് അനുവദിക്കുമ്പോൾ കാസർകോട്ടുകാർക്ക് മാത്രം കിട്ടുന്നില്ല. ഇതിന് കാരണം ജില്ലാ കളക്ടർ പാസ് അനുവദിക്കാത്തതാണെന്നും തലപ്പാടിയിൽ മനുഷ്യക്കടത്തിന് കൂട്ടുനിൽക്കുന്നത് ജില്ലാ കളക്ടറാണെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം.
ഭരണകക്ഷി നേതാക്കൾ പറയുന്നവർക്ക് മാത്രമാണ് കളക്ടർ പാസ് അനുവദിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ വ്യത്യസ്ഥ ജില്ലകളിലുള്ളവർ ഒന്നിച്ച് പാസിന് അപേക്ഷിക്കുമ്പോൾ കാസർകോടുള്ളവർക്ക് മാത്രം അനുവദിക്കാത്തത് അനീതിയാണ്. കൊവിഡ് കേസുകൾ പിടിച്ച് നിറുത്തി കയ്യടി നേടാനുള്ള ശ്രമമാണ് ജില്ലാ കളക്ടർ നടത്തുന്നത്.-രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.