കൊല്ലം: ഡ്രൈവർ അറിയാതെ നാഷണൽ പെർമിറ്റ് ലോറിയുടെ സ്റ്റെപ്പിനി ടയറിനിടയിൽ ഒളിച്ചിരുന്ന് അതിർത്തി കടക്കാൻ ശ്രമിച്ച തമിഴ് യുവാവ് പിടിയിൽ. തമിഴ്നാട്ടിലെ തീവ്ര കൊവിഡ് ബാധിത മേഖലയിലുൾപ്പെടുന്ന പുളിയംകുടി സ്വദേശി ഹരീഷാണ് പിടിയിലായത്. ഇന്ന് പുലർച്ചെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. തെങ്കാശി ജില്ലയിലെ പുളിയംകുടിയിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ലോറി അവിടെ നിന്ന് പുറപ്പെടുംമുമ്പ് ഡ്രൈവർ അറിയാതെയാണ് താൻ സ്റ്റെപ്പിനിയുടെയും ലോറിയുടെ ചേസിസിന്റെയും ഇടയിലുള്ള ഭാഗത്ത് ഒളിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു.
പുളിയംകുടിയിൽ നിന്ന് 27 കി.മീറ്റർ ദൂരം ലോറിയ്ക്കടിയിൽ ഇരുന്ന് യാത്രചെയ്ത ഇയാളെ തെങ്കാശി അതിർത്തിയിൽ തമിഴ്നാട് പൊലീസ് വാഹനം പരിശോധിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. ആര്യങ്കാവ് അതിർത്തിയിൽ ചരക്ക് വാഹനങ്ങളുൾപ്പെടെ അണുവിമുക്തമാക്കാൻ അണുനാശിനി പ്രയോഗം നടത്തുന്നുണ്ട്. ലോറിയുടെ ടയറിലും മറ്റും അണുനാശിനി തളിക്കുന്നതിനിടെയാണ് സ്റ്രെപ്പിനിയുടെ ഇടയിൽ യുവാവ് ഒളിച്ചിരിക്കുന്നത് ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് സഹായത്തോടെ പുറത്തിറക്കിയ ഇയാളെ പനി പരിശോധനയ്ക്ക് വിധേയനാക്കിയശേഷം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.കൊല്ലം പരവൂരിലുള്ള ഭാര്യയെ കാണാനാണ് താൻ സാഹസത്തിന് ഒരുമ്പെട്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒളിച്ചുകടക്കാൻ ശ്രമിച്ചതിന് പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കുമെന്ന് തെൻമല പൊലീസ് പറഞ്ഞു.