തിരുവനന്തപുരം: നാലാംഘട്ട ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചിരിക്കെ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സമൂഹവ്യാപനം പരിശോധിക്കാൻ സംസ്ഥാനത്ത് സീറോ സർവേ തുടങ്ങി. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ട സർവേ നടക്കുന്നത്. തിരിച്ചറിയപ്പെടാത്ത രോഗബാധിതർ ഉണ്ടോ എന്നറിയാനുള്ള പരിശോധനയാണ് സീറോ സർവേ.
ഇതിന്റെ ഭാഗമായി മൂന്നുജില്ലകളിൽ നിന്നായി 1200 പേരുടെ രക്തപരിശോധന നടത്തും. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്നാണ് സർവേ നടത്തുന്നത്. നിലവിൽ ലക്ഷണങ്ങളില്ലാത്തവരിലും രോഗബാധിതരുമായി നേരിട്ട് സമ്പർക്കമില്ലാത്തവരിലുമാണ് പരിശോധന നടത്തുന്നത്. ജില്ലകളിലെ 10 പ്രദേശങ്ങളിൽ 40 പേർ വീതം 400 പേരുടെ രക്തം പരിശോധിക്കും.
കൊവിഡിനെതിരായുള്ള ആന്റിബോഡി ശരീരത്തിൽ ഉണ്ടോ എന്നും ഇതിലൂടെ കണ്ടെത്താനാകും. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമായ പോത്തൻകോട് സ്വദേശിയുടേതുൾപ്പെടെ ലക്ഷണങ്ങൾ പ്രകടമാക്കാത്തതും ഉറവിടം കണ്ടെത്താത്തതുമായ കേസുകളുടെ പശ്ചാത്തലത്തിലാണ് സീറോ സർവേ നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ 30 ഓളം പേർക്ക് രോഗമുണ്ടായതെങ്ങനെയെന്ന് കണ്ടെത്താനും ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല.
നാളിതുവരെയില്ലാത്തവിധം രാജ്യത്തെ കൊവിഡ് നിരക്ക് കഴിഞ്ഞദിവസം വർദ്ധിക്കുകയും വിദേശത്തുനിന്നുൾപ്പെടെ തീവ്രബാധിത മേഖലകളിൽ നിന്ന് നാട്ടിലെത്തുന്നവരിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ കൊവിഡിന്റെ മൂന്നാംഘട്ടത്തെ ആശങ്കയോടെയാണ് സർക്കാർ നോക്കിക്കാണുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നാളിതുവരെ പിഴവില്ലാതെ പ്രവർത്തിച്ച സർക്കാരിന്റെ നേട്ടങ്ങൾ കൈവിട്ടുപോകാത്ത വിധം ക്വാറന്റൈൻ നടപടികളും രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുന്നതിന്റെ ഭാഗമാണ് സീറോ സർവേ.