തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ അഡ്മിഷനായി സ്കൂളിൽ കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌ളൂകളിൽ എത്തുന്ന രക്ഷിതാക്കൾ സാമൂഹിക അകലം പാലിക്കണം. അതേപാേലെ അദ്ധ്യാപകരും. ഈ രീതിയിലാണ് ഇന്ന് എല്ലാ സ്കൂളുകളിലും അഡ്മിഷൻ തുടങ്ങിയത്. ഒന്നാം ക്ളാസു മുതലുള്ള പ്രവേശനമാണ് ആരംഭിച്ചത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സംസ്ഥാനത്തെ സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളുകളിലേക്കുള്ള എട്ടാം ക്ളാസ് അഡ്മിഷനും തുടക്കമായി. സ്കൂളുകളിലെല്ലാം രക്ഷിതാക്കളുടെ തിരക്കാണ്. കുട്ടികളെ കൊണ്ടുവരേണ്ട എന്ന വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പിനെപ്പറ്റി അറിയാത്തവർ രാവിലെ കുട്ടികളുമായാണ് എത്തിയത്. ഇവരെ മടക്കിയച്ചു. കുട്ടികളില്ലാതെ വരാൻ നിർദ്ദേശിച്ചു. പല ജില്ലകളിലും കനത്ത മഴയായതിനാൽ മഴയിൽ കുതിർന്നായിരുന്നു പലരുടെയും വരവ്. നേരിട്ട് എത്തി അഡ്മിഷൻ എടുക്കാൻ കഴിയാത്തവർക്ക് വിഭ്യാഭ്യാസ വകുപ്പ് ഒരുക്കിക്കൊണ്ടിരിക്കുന്ന ഓൺലൈൻ വഴിയും പ്രവേശനം നേടാം.