pic

തിരുവനന്തപുരം: മസ്ക്കറ്റിൽ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയ യാത്രക്കാരിൽ രണ്ടുപേ‌ർക്ക് കൊവിഡെന്ന് സംശയം. തിരുവനന്തപുരം , കൊല്ലം സ്വദേശികളായ രണ്ടു യാത്രക്കാ‌‌ർക്കാണ് കൊവിഡിന് സമാനമായ ലക്ഷണങ്ങൾ കണ്ടത്. ശരീരോഷ്മാവിൽ വ്യത്യാസവും പനിയും അനുഭവപ്പെട്ട ഇവരെ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും ഉൾപ്പെടെ 183 പേരാണ് ഇന്നലെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മസ്ക്കറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലുണ്ടായിരുന്നത്. കർശന പരിശോധനകൾക്ക് ശേഷം പുറത്തിറക്കിയ യാത്രക്കാരിൽ 84 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും നാലുപേരെ ഹോട്ടൽ മുറികളിലെ പെയ്ഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും മറ്റുളളവരെ വീടുകളിലേക്കും മാറ്റി. 22 കുട്ടികളും 27 ഗർഭിണികളും ഉൾപ്പെടെ മറ്റ് യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബസുകളിലും ടാക്സി വാഹനങ്ങളിലുമായി വീടുകളിലേക്ക് അയച്ചു.

ഇതരസംസ്ഥാനക്കാരായ ഏതാനും പേരെ തിരുവനന്തപുരത്തെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവർക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേ‌ർക്ക് കൊവിഡ് സംശയിക്കുന്ന സാഹചര്യത്തിൽ മുഴുവൻ യാത്രക്കാരും നിരീക്ഷണം കർശനമായി പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് ഉറപ്പാക്കാൻ ആരോഗ്യപ്രവർത്തകരും പൊലീസും ക്വാറന്റൈൻ കേന്ദ്രത്തിലെത്തി നിരീക്ഷണം നടത്തും.