ന്യൂഡൽഹി: വിദേശ സ്വകാര്യ കുത്തകകൾക്ക് കൊള്ളയടിക്കാനുള്ള അവസരമാണ് കേന്ദ്രസർക്കാർ സാമ്പത്തിക പാക്കേജിലൂടെ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ കബളിപ്പിക്കുന്ന പാക്കേജാണിത്. രാജ്യസുരക്ഷയെ ബലിയർപ്പിക്കുന്ന നടപടിയാണിതെന്നും കൊവിഡ് മറവിൽ സ്വകാര്യ കുത്തകകളെ സഹായിക്കാനും വിദേശ കുത്തകകളെ ക്ഷണിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു. പ്രതീക്ഷകളെ തകിടം മറിക്കുന്ന പാക്കേജാണ് ഇതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കർഷകർക്ക് പ്രയോജനമുള്ള യാതൊന്നും പാക്കേജിലില്ല. കടമെടുപ്പ് പരിധി കൂട്ടിയത് മാത്രമാണ് സ്വാഗതാർഹം. കർഷകർക്ക് നൽകിയത് ക്രെഡിറ്റും അധികവായ്പയും മാത്രമാണെന്നും അദേഹം പറഞ്ഞു.
കേന്ദ്രം സംസ്ഥാന സർക്കാരിനും സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും പണം നൽകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രം ഫെഡറലിസത്തെ തകർക്കുകയാണ്. പല കമ്മ്യൂണിറ്റി കിച്ചണുകളും ശോഷിച്ചു. ആവശ്യത്തിന് ഭക്ഷ്യധാന കിറ്റുകൾ സംസ്ഥാനത്തില്ലെന്നും അദേഹം പറഞ്ഞു.