തിരുവനന്തപുരം: ലോക്ക്ഡൗണിൽ ഇളവ് വരുത്തിയെങ്കിലും ഒന്നോർക്കുക കൊവിഡ് പടരുന്നതിൽ ഇന്ത്യ അതിവേഗം മുന്നിലാണ്. ഓരോ ദിവസം കഴിയും തോറും രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. മാർച്ച് 5 ന് 30 രോഗികളായിരുന്നെങ്കിൽ ഇപ്പോഴത് ഒരു ലക്ഷത്തോട് അടക്കുന്നു. രോഗം വന്ന ആ കണക്കുകൾ ഇങ്ങനെയാണ്: മാർച്ച് 15ന് 114 കേസുകൾ. 25 ന് 657, 31ന് 1397, ഏപ്രിൽ 5 ന് 4,289, 10ന് 7,600, 20 ന് 18,539, 30 ന് 34,863, മേയ് 5 ന് 49,400, 10 ന് 70,000. തുടർച്ചയായി വർദ്ധനവാണ്. ഇങ്ങനെപോയാൽ എങ്ങനെ എന്ന ചോദ്യം ഉയരുകയാണ്.
രോഗം കൂടുന്നതല്ലാതെ കുറയുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവ് വരികയും അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ട കാലമാണ്. അമേരിക്കയിലും റഷ്യയിലും സ്പെയിനിലും ഇറ്റലിയിലുമൊക്കെ രോഗം കുതിക്കുമ്പോൾ അത് ആ രാജ്യങ്ങളെ പേടിപ്പെടുത്തുകയാണ്. എങ്ങനെ രോഗത്തെ തടഞ്ഞുനിറുത്തുമെന്നറിയാതെ വിഷമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോവുകയാണ്. രോഗം കൂടുതലുള്ള രാജ്യങ്ങളുടെ ആഗോള പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ നിൽക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടിയാൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ട് വരും. ഇത് ആശാവഹമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഒരു രോഗിയുമില്ലാതിരുന്ന ഗോവയും രോഗത്തിന്റെ പിടിയിലാണ്. കൊവിഡിനെ തടഞ്ഞു നിറുത്തിയിരുന്ന കേരളത്തിലും ഗതി മാറുകയാണ്. മഴക്കാലം കൂടിയായതോടെ ഇനി എന്താവും എന്ന ചിന്തയാണ് എങ്ങും കാണുന്നത്.