മധുര: തമിഴ്‍നാട്ടിൽ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛനും അമ്മൂമ്മയും ചേർന്ന് എരിക്കിൻ പാലുകൊടുത്ത് ക്രൂരമായി കൊലപ്പെടുത്തി. മധുര, ഷോളവനത്തെ ദൈവമണി, ചിത്ര ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. നാലാമതും പെൺകുഞ്ഞ് ജനിച്ചതോടെ ഇവർ അസ്വസ്ഥരായിരുന്നെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.
അമ്മ അടുത്തില്ലാത്ത സമയത്താണ് ഇരുവരും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രോഗംബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഇവർ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്.ഇതിൽ സംശയം തോന്നിയ പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. മൃതദേഹം പരിശോധിച്ച ശേഷം കൊലപാതകമാണെന്ന് വ്യക്തമായതോടെ ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. രണ്ട് മാസത്തിനുള്ളിൽ തമിഴ്‍നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ പെൺ ശിശുഹത്യയാണിത്.