വിതുര: കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ തകർന്ന റോഡുകൾ നന്നാക്കാൻ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകൾക്കായി 1.40 കോടി രൂപ അനുവദിച്ചു. 10 റോഡുകളുടെ നവീകരണത്തിന് സമർപ്പിച്ചിരുന്ന നിർദ്ദേശം അംഗീകരിച്ച് ഉത്തരവായിട്ടുണ്ടെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചത്. വിതുര ഗ്രാമപഞ്ചായത്തിലെ മരുതുംമൂട് ഗ്രന്ഥശാല വാവോട് റോഡിന് 10 ലക്ഷം രൂപ, വിതുര കളിയിക്കൽ റോഡ് ടാറിംഗിന് 15 ലക്ഷം രൂപ, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കിളിയന്നൂർ മേത്തോട്ടം റോഡിന് 15 ലക്ഷം രൂപ, ചേന്നൻപാറ ലക്ഷമി എസ്റ്റേറ്റ് മേമല റോഡിന് 25 ലക്ഷം രൂപ, മേത്തോട്ടം റോഡിന് 15 ലക്ഷം രൂപ, കമുകിൻകുഴി എ.കെ.ജി റോഡ് കോൺക്രീറ്റിംഗിന് 10 ലക്ഷം രൂപ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. വെള്ളനാട്‌ പഞ്ചായത്തിലെ കുളക്കാട് ആറ്റുകാൽ റോഡിന് 20 ലക്ഷം രൂപ, കടുക്കാമൂട് കരിങ്കുറ്റി റോഡിനും ആര്യനാട് ഗ്രാമപഞ്ചായത്തിലെ പത്തായ കുന്ന് കുരുവിയോട് റോഡിനും ഉഴമലയ്ക്കൽ പഞ്ചായത്തിലെ പാറക്കരവട്ട പമ്മൻകര റോഡിന് 10 ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ വലിയവിള - പുത്താന കോട്, കുന്നത്ത്നട - കാരവിള റോഡ്, കുക്കുരുണി - കട്ടയ്ക്കോട് അങ്കണവാടി റോഡ്, മൈലോട്ടുമൂഴി - ചോലയിൽ കാട്ടാനകോട് റോഡ്, മൈലോട്ടുമൂഴി - കാക്കാമുകൾ റോഡ് എന്നിവയുടെ നവീകരണത്തിനായി ഫണ്ട് അനുവദിക്കുന്നതിന് മുഖ്യമന്ത്രിക്ക് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. അനുവദിച്ച എല്ലാ പ്രവൃത്തികളുടെയും എസ്റ്റിമേറ്റുകൾ തയ്യാറായി കഴിഞ്ഞു. ടെക്നിക്കൽ അനുമതി നല്കി അടിയന്തരമായി ടെൻഡർ നടപടികൾ ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നല്കിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.