ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിക്ക് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, ഗൗതം ഗംഭീർ, ശിഖർ ധവാൻ എന്നിവർ ട്വിറ്ററിലൂടെ ശക്തമായ മറുപടി നൽകി. പാക് അധീന കാശ്മീർ സന്ദർശിച്ച അവസരത്തിലാണ് അഫ്രീദി മോദിയെ അധിക്ഷേപിച്ചത്.
ലോകം വലിയൊരു രോഗത്തിന്റെ പിടിയിലാണെന്നും അതിലും വലിയ രോഗം മോദിയുടെ മനസിലാണെന്നുമാണ് അഫ്രീദി ആരോപിച്ചത്. പാകിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കാശ്മീരിൽ വിന്യസിച്ചിരിക്കുന്നത്. ഏഴു ലക്ഷം വരുന്ന പാക് ആർമിക്ക് പാകിസ്ഥാനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യയിലെ കാശ്മീരികളും പാക് സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അഫ്രീദിയുടെ ആരോപിച്ചിരുന്നു.
മോദിക്കുമെതിരെ അഫ്രീദി അധിക്ഷേപവുമായി എത്തിയതോടെ പാക് താരവുമായുള്ള എല്ലാം ബന്ധവും അവസാനിപ്പിച്ചെന്ന് ഹർഭജൻ സിംഗ് വ്യക്തമാക്കി. അഫ്രീദിയുമായുള്ള തന്റെ ബന്ധം അടഞ്ഞ അദ്ധ്യായമാണ്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധത്തിലുള്ള സഹകരണത്തിനുമില്ലെന്ന് ഹർഭജൻ വ്യക്തമാക്കി. ജനങ്ങൾ ദുരിതത്തിലായ സമയത്ത് അവരെ സഹായിക്കാനുള്ള ആഗ്രഹത്തോടെയാണ് അഫ്രീദിയെയും അഫ്രീദി ഫൗണ്ടേഷനെയും സഹായിച്ചതെന്ന് ഹർഭജൻ പറഞ്ഞു.
പാക്ക് അധീന കാശ്മീരിൽ വന്ന് അഫ്രീദി നടത്തിയ പ്രസ്താവനകൾ അതിരു ലംഘിക്കുന്നതാണെന്ന് ഹർഭജൻ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ അഫ്രീദിയുടെ വാക്കുകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് യുവരാജ് വ്യക്തമാക്കി. ഇരുപത് കോടി ജനങ്ങളുടെ പിന്തുണയുണ്ട് ഏഴ് ലക്ഷം വരുന്ന പാകിസ്ഥാൻ സൈന്യത്തിന് എന്നാണ് അഫ്രീദി പറയുന്നത്. എങ്കിലും അവർ കഴിഞ്ഞ എഴുപത് വർഷങ്ങളായി കാശ്മീരിന് വേണ്ടി യാചിക്കുകയാണ്.
അഫ്രീദിയെയും ഇമ്രാനെയും ബജ്വയെയും പോലുള്ള കോമാളികൾ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പുന്നത് പാകിസ്ഥാൻ ജനതയെ വിഡ്ഢികളാക്കാൻ വേണ്ടിയാണ്. ഇതു കൊണ്ടൊന്നും കാശ്മീർ സ്വന്തമാക്കാമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതേണ്ടെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.