ടൊറന്റോ: കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സിൽ റോയൽ കനേഡിയൻ എയർഫോഴ്സിന്റെ സ്നോബേർഡ് ജെറ്റ് വിമാനം തകർന്നുവീണു ഒരു മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എയർഫോഴ്സ് ക്യാപ്ടൻ ജെന്നിഫർ കെയ്സി ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കനേഡിയൻ എയർഫോഴ്സിന്റെ സ്നോബേർഡ് ടീമിലെ പബ്ലിക് അഫഴേസ് ഓഫീസറായിരുന്നു ജെന്നിഫർ. നോവ സ്കോട്ടിയ സ്വദേശിനിയായ ഇവർ 2014ലാണ് എയർഫോഴ്സിന്റെ ഭാഗമാകുന്നത്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്ടൻ റിച്ചാർഡ് മക്ഡൊഗലിനാണ് ഗുരുതര പരിക്കേറ്റിരിക്കുന്നത്.
പ്രാദേശിക സമയം, ഞായറാഴ്ച രാവിലെ 11.42 ഓടെയായിരുന്നു കാംലൂപ്സിൽ ജനവാസകേന്ദ്രത്തിലേക്ക് വിമാനം തകർന്നു വീണത്. യു.എസ് നേവിയുടെ ബ്ലൂ ബേർഡ്സ് വിമാനങ്ങൾക്കും ഇംഗ്ലണ്ടിന്റെ റെഡ് ആരോസിനും സമാനമായ കനേഡിയൻ സ്നോബേർഡ് വിമാനങ്ങൾ പൊതുജനങ്ങൾക്കായി വ്യോമ അഭ്യാസപ്രകടനങ്ങൾക്ക് ഉപയോഗിക്കുന്നവയാണ്. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആദരം അർപ്പിക്കുന്നതിന് വേണ്ടിയാണ് അപകടം സംഭവിച്ച വിമാനം ഉൾപ്പെടെയുള്ളവ പറന്നുയർന്നത്. കാംലൂപ്സിൽ ഒരു വീടിനു മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ക്യാപ്ടൻ റിച്ചാർഡ് മക്ഡൊഗലിന് അപകടത്തിന് തൊട്ടുമുമ്പ് ഇജക്ട് ചെയ്ത് ഇറങ്ങാൻ കഴിഞ്ഞിരുന്നു. സംഭവത്തെ പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.