സ്വാശ്രയ ഭാരത അഭിയാന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ചയും ഞായറാഴ്ചയുമായി പ്രഖ്യാപിച്ച സുപ്രധാന നടപടികൾ സമയബന്ധിതമായി നടപ്പാവുകയാണെങ്കിൽ സമ്പദ് വ്യവസ്ഥയ്ക്ക് അനല്പമായ ഊർജവും വളർച്ചയും കൈവരുമെന്ന് തീർച്ചയാണ്. പൊതുമേഖലയുമായി ബന്ധപ്പെട്ട് സർക്കാർ ചെറുവിരലനക്കിയാൽ പോലും പ്രതിപക്ഷ പാർട്ടികളും ട്രേഡ് യൂണിയനുകളും രൂക്ഷ വിമർശനങ്ങളുമായി ചാടിവീഴാറുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുള്ള പുതിയ സ്വാശ്രയത്വ പാക്കേജിലെ പല ഇനങ്ങളും സ്വാഭാവികമായും അവരെ ക്ഷുഭിതരാക്കിയതിൽ അദ്ഭുതമില്ല. കൽക്കരി - ധാതുമേഖലകളുമായി ബന്ധപ്പെട്ട നയങ്ങൾ അത്യുദാരമാക്കിയിരിക്കുകയാണ്.
അതുപോലെ പ്രതിരോധ, ബഹിരാകാശ, വ്യോമയാന മേഖലകൾ സ്വകാര്യ മേഖലയ്ക്കായി കൂടുതൽ തുറന്നിടാനുള്ള തീരുമാനവും ഏറെ വിമർശന വിധേയമായിട്ടുണ്ട്. എന്നാൽ പാരമ്പര്യശൈലിയിലുള്ള ഇത്തരം വിമർശനങ്ങൾക്കപ്പുറം ഇപ്പോഴത്തെ നടപടികൾക്ക് കൂടുതൽ വ്യക്തതയും ലക്ഷ്യബോധവുമുണ്ടെന്നുള്ളതാണ് വസ്തുത. പുതിയ പരിഷ്കരണ നടപടികളിലൂടെ സമ്പദ് വ്യവസ്ഥ പുഷ്ടിപ്പെടുകയും വർദ്ധിച്ച തോതിൽ തൊഴിലവസരങ്ങൾ ഉണ്ടാവുകയും ചെയ്താൽ നല്ല കാര്യമാണ്. മാത്രമല്ല കാലഹരണപ്പെട്ട ചില നയസമീപനങ്ങളിലുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങൾ വ്യവസായ മേഖലയ്ക്കാകെ പുതിയ ഉണർവുണ്ടാക്കുമെന്നതും നേട്ടമായി കരുതാം.
ലോകത്ത് ഏറ്റവുമധികം കൽക്കരി നിക്ഷേപമുള്ള രാജ്യങ്ങളിൽ അഗ്രിമസ്ഥാനമുണ്ടായിട്ടും ഇന്ത്യ ഈ രംഗത്ത് ഏറെ പിന്നിലായിപ്പോയത് എല്ലാം സർക്കാരിന്റെ അധീനതയിലായതുകൊണ്ടു മാത്രമാണ്. നൂറുകണക്കിനു വർഷങ്ങളുടെ ഉപയോഗത്തിനുള്ള കൽക്കരി രാജ്യത്തുള്ളപ്പോഴാണ് കൂടിയ വിലയ്ക്ക് അത് ഇപ്പോഴും ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്. കൽക്കരി ഖനനത്തിനും വിപണനത്തിനും മാത്രമായി സ്ഥാപിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ് കോൾ ഇന്ത്യാ ലിമിറ്റഡ്. വെള്ളാനകളിലൊന്നായി മാറിയ ആ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയും വർദ്ധിച്ച തോതിലുള്ള അഴിമതിയും കാരണമാണ് 'കറുത്ത പൊന്ന്" മണ്ണിനടിയിൽ സമൃദ്ധമായി കിടക്കുമ്പോഴും അത് മാസാമാസം ഇറക്കുമതി ചെയ്യേണ്ട സ്ഥിതിവിശേഷം സൃഷ്ടിച്ചത്. പ്രകൃതി കനിഞ്ഞു നൽകിയ കൽക്കരി നിക്ഷേപം രാജ്യത്തിന് വേണ്ട രീതിയിൽ ഉപയോഗപ്പെടാതെ പോകുന്നതിന്റെ സാഹചര്യങ്ങൾ അന്വേഷിച്ചാൽ ചെന്നെത്തുന്നത് ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലാണ്. പുതിയ തീരുമാന പ്രകാരം കൽക്കരി മേഖല സ്വകാര്യ മേഖലയ്ക്കായി പൂർണമായും തുറന്നുകൊടുക്കും. രാജ്യത്തിന്റെ കൽക്കരി ആവശ്യങ്ങൾ നിറവേറ്റാൻ പാകത്തിൽ ഖനന - വിതരണ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുകയാണ്. ഈ രംഗത്ത് പരിചയമില്ലാത്ത കമ്പനികൾക്കും വ്യക്തികൾക്കുമൊക്കെ കൽക്കരി ഖനികൾ ലേലം കൊള്ളാം. ലേലാവകാശം പിന്നീട് മറിച്ചുവിൽക്കാനും സാധിക്കും. മത്സരാധിഷ്ഠിത ലേലവ്യവസ്ഥ വരുന്നതോടെ കൽക്കരി ഖനനത്തിനായി കൂടുതൽ കമ്പനികളും വ്യക്തികളും എത്തും. വരുമാനം സർക്കാരുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥയിലൂടെയാകും സ്വകാര്യ മേഖലയ്ക്ക് ഖനനാവകാശം. ഖനന - കടത്തു സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ അൻപതിനായിരം കോടി രൂപ കൽക്കരി മേഖലയിൽ നിക്ഷേപിക്കും. കൽക്കരിയിൽ നിന്ന് മീഥൈൻ വാതകം ഉത്പാദിപ്പിക്കാനുള്ള അവകാശം ലേലം ചെയ്യാനും ഉദ്ദേശമുണ്ട്. ഇപ്പോൾ കോൾ ഇന്ത്യയാണ് ഇതിന്റെ കുത്തകാവകാശി. അഞ്ഞൂറ് ഖനന മേഖലകളാണ് ഉടൻ ലേലത്തിനായി വയ്ക്കുന്നത്. അലൂമിനിയം വ്യവസായ മേഖലയുടെ വികസനത്തിനായി ബോക്സൈറ്റ് ഖനന മേഖലയ്ക്കും ആനുകൂല്യങ്ങളുണ്ട്.
ധാതുനിക്ഷേപങ്ങളുടെ കാര്യം വരുമ്പോൾ കേരള തീരത്തെ അമൂല്യമായ കരിമണലിനെക്കുറിച്ച് ഓർക്കാതിരിക്കാനാവില്ല. ശരിയായ നയമോ നടപടിയോ ഇല്ലാത്തതു കാരണം അമൂല്യമായ ഈ പ്രകൃതി സമ്പത്തിന്റെ ചെറിയൊരു ഭാഗമേ സംസ്ഥാനത്തിന് ഉപകാരപ്പെടുന്നുള്ളൂ. തലച്ചുമടായിപ്പോലും സ്വകാര്യ വ്യവസായികൾ കരിമണൽ നിർബാധം കടത്തിക്കൊണ്ടുപോകുന്നത് കണ്ടുനിൽക്കാനേ കഴിയുന്നുള്ളൂ. ധാതുനയത്തിലെ പുതിയ മാറ്റങ്ങൾ പ്രയോജനപ്പെടുത്താൻ ഇവിടെയും ഏറെപ്പേർക്കു പരസ്യമായിത്തന്നെ മുന്നോട്ടുവരാനുള്ള അവസരമുണ്ടാകും.
പ്രതിരോധ - ബഹിരാകാശ മേഖലകളിൽ വിഭാവന ചെയ്യുന്ന പുതിയ തീരുമാനം വലിയ മാറ്റങ്ങൾക്കാകും രംഗമൊരുക്കുക. പ്രതിരോധ സാമഗ്രികളുടെ ഉത്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തു പകരുന്നതാണ് പുതിയ തീരുമാനങ്ങൾ. ഈ മേഖലയിൽ വിദേശ നിക്ഷേപം 47-ൽ നിന്ന് 74 ശതമാനമാക്കാൻ പോവുകയാണ്. പ്രതിരോധ ഉത്പന്നങ്ങളുടെ വൻതോതിലുള്ള ഇറക്കുമതിക്കു പിന്നിൽ നടമാടുന്ന അതിരുകളില്ലാത്ത കോഴയും അഴിമതി സാദ്ധ്യതയുമാണ് ഈ രംഗത്ത് ഇന്നും പരാശ്രയത്വം തുടരാൻ പ്രധാന കാരണം. പ്രതിരോധ ഉത്പാദന ഫാക്ടറികളുടെ ഓഹരികൾ ഇറക്കാനുള്ള തീരുമാനവും പുതുമയുള്ളതാണ്.
ഉപഗ്രഹ വിക്ഷേപണം ഉൾപ്പെടെയുള്ള ബഹിരാകാശ സംരംഭങ്ങളിൽ സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം നൽകാനുള്ള തീരുമാനവും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ്. സംസ്ഥാന സർക്കാരിന്റെ വകയായി പള്ളിപ്പുറത്തു തുടങ്ങുന്ന പുതിയ സ്പേസ് പാർക്കിന്റെ വളർച്ചയ്ക്കും വികസനത്തിനുമുള്ള വലിയ അവസരമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്. റോക്കറ്റ് - ഉപഗ്രഹ വിക്ഷേപണങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളെ ഇങ്ങോട്ട് ആകർഷിക്കാനും ഇതിലൂടെ കഴിയും.
സമ്പദ് വ്യവസ്ഥയുടെ വളർച്ചയും അതിലൂടെ വൻതോതിലുള്ള തൊഴിലവസരങ്ങളുമാണ് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പുതിയ നയം മാറ്റങ്ങളുടെ അടിസ്ഥാനമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ പ്രതീക്ഷ പൂവണിയണമെങ്കിൽ ദ്രുതഗതിയിലുള്ള തുടർ നടപടികളും ആവശ്യമായി വരും. മഹാമാരിയിൽ അമ്പേ നടുവൊടിഞ്ഞുകിടക്കുന്ന സമ്പദ് വ്യവസ്ഥയെ ഉടനടി പിടിച്ചെഴുന്നേല്പിച്ച് ഊർജസ്വലമാക്കാൻ മാന്ത്രിക വടിയൊന്നുമില്ല. മഹാമാരിക്കു ശേഷമുള്ള രാജ്യത്തിന്റെ പ്രതീക്ഷയും മോഹങ്ങളുമാണ് കേന്ദ്രത്തിന്റെ സ്വാശ്രയത്വ പാക്കേജിൽ വിഭാവനം ചെയ്തിട്ടുള്ളത്. കാര്യങ്ങൾ എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചാകും അതിന്റെ ജയപരാജയങ്ങൾ.