bolsonaro

റിയോ ഡി ജനീറോ: ഏറ്റവും വലിയ ബ്രസീലിയൻ നഗരമായ സാവോ പോളോയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതോടെ ആശുപത്രികൾ തകർച്ചയുടെ വക്കിലെന്ന് മുന്നറിയിപ്പുമായി മേയർ. സാവോ പോളോയിലെ ആശുപത്രികളെല്ലാം 90 ശതമാനം നിറഞ്ഞതായും വരുന്ന രണ്ടാഴ്ചക്കുള്ളിൽ ഇവിടുത്തെ എല്ലാ ആശുപത്രികളും നിറഞ്ഞ് കവിയുമെന്നും മേയർ ബ്രൂണോ കോവസ് പറയുന്നു. രോഗികളെ ചികിത്സിക്കാൻ ആശുപത്രികളിൽ ഇപ്പോൾ കിടക്കകൾ പോലും കിട്ടാനില്ല.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അലംഭാവം കാട്ടുന്ന സർക്കാർ ജനങ്ങളുടെ ജീവൻ വച്ചാണ് കളിക്കുന്നതെന്നും ബ്രൂണോ ചൂണ്ടിക്കാട്ടി. ബ്രസിലീലിലെ കൊവിഡ് ഹോട്ട്സ്പോട്ടുകളിൽ ഒന്നായ സാവോ പോളോയിൽ 3,000 ത്തോളം പേർ ഇതേവരെ മരിച്ചു. ഏകദേശം 12 ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന സാവോപോളോയിൽ ഭൂരിഭാഗം പേരും ഇപ്പോഴും നിയന്ത്രണങ്ങൾ വകവയ്ക്കുന്നില്ല. ഇപ്പോൾ ഇറ്റലിയേയും മറികടന്ന് രോഗികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 7,938 പുതിയ കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്.

ഇതോടെ ആകെ രോഗികളുടെ എണ്ണം 2,41,080 ആയിരിക്കുകയാണ്. 485 പേർ കഴി‌ഞ്ഞ ദിവസം മാത്രം മരിച്ചു. ആകെ മരണ സംഖ്യ 16,112 ആണ്. പരിശോധനകളുടെ അഭാവം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. രാജ്യത്ത് സ്ഥിതി ഇത്രയും രൂക്ഷമായിട്ടും പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ സ്വീരിക്കുന്ന വിപരീത നിലപാടുകൾ ബ്രസീലിന് അകത്തും പുറത്തും വൻ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയെ പോലും ബൊൽസൊനാരോ വക വയ്ക്കുന്നില്ല. ലോക്ക്ഡൗൺ നിന്ത്രണങ്ങളെ എതിർക്കുന്ന ബൊൽസൊനാരോ കഴി‌ഞ്ഞ ദിവസം തലസ്ഥാനമായ ബ്രസീലിയയിൽ അനുകൂലികൾക്കൊപ്പം ഒത്തുകൂടിയിരുന്നു. കുട്ടികളടക്കമുള്ളവർക്കൊപ്പം സുരക്ഷാ നിർദ്ദേശങ്ങളെല്ലാം തെറ്റിച്ച ബൊൽസൊനാരോയുടെ ചിത്രങ്ങൾ വൈറലാവുകയാണ്. സാമൂഹിക അകലം രാജ്യത്തിന്റെ സമ്പത്ത്‌ വ്യവസ്ഥയെ തകർക്കുമെന്നാണ് ബൊൽസൊനാരോ പറയുന്നത്.