ന്യൂഡല്‍ഹി: ജൂണ്‍ മുതല്‍ തുടങ്ങുന്ന രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പിയില്‍ 45 ശതമാനം ഇടിവുണ്ടാകുമെന്ന് പ്രവചിച്ച് ആഗോള നിക്ഷേപക ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സ്. കൊവിഡ് പ്രതിസന്ധിക്കിടെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പ്രവചനം. രാജ്യം കടുത്ത മാന്ദ്യത്തിലേക്കാണ് പോകുന്നതെന്നും അവര്‍ പ്രവചിക്കുന്നു.
കേന്ദ്രസർക്കാർ സാമ്പത്തിക ഉത്തേജക പാക്കേജ് അടിയന്തര പിന്തുണ നല്‍കുന്നതിനേക്കാള്‍ ചെറിയ കാലത്തേക്ക് ശ്രദ്ധയൂന്നിയുള്ളതാണെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സ് വിലയിരുത്തുന്നു. ഇന്ത്യയുടെ ജി.ഡി.പിയിലുണ്ടാകുന്ന ഇടിവ് ഇവര്‍ നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ ഇരട്ടിയാണ് ഇപ്പോഴത്തേത്. 20 ശതമാനം ഇടിവായിരുന്നു നേരത്തെയുള്ള പ്രവചനം.
മൂന്നാം പാദത്തില്‍ 20% തിരിച്ചുവരവ് നടത്തുമെന്നും വിലയിരുത്തുന്നുണ്ട്. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജി.ഡി.പി അഞ്ച് ശതമാനം കുറയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി ഗാള്‍ഡ്മാന്‍ സാച്ച്‌സ് സാമ്പത്തി ശാസ്ത്രജ്ഞന്‍മാരായ പ്രാചി മിശ്ര, ആന്‍ഡ്രൂ ടില്‍ട്ടണ്‍ എന്നിവര്‍ നിരീക്ഷിച്ചു. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യ മുമ്പ് കണ്ട സാമ്പത്തികമാന്ദ്യത്തേക്കാള്‍ കഠിനമായിരിക്കും ഇതെന്നും പറയുന്നു.