തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ തലയെടുപ്പുയർത്തുന്ന കിഴക്കേകോട്ട ഫുട് ഓവർ ബ്രിഡ്‌ജിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. വിവിധ വകുപ്പുകളിൽ നിന്ന് എൻ.ഒ.സി ലഭിക്കുന്നതിന് കാലതാമസം നേരിട്ടതിനാൽ ഓവർബ്രിഡ്‌ജിന്റെ നിർമ്മാണം തുടങ്ങാൻ വൈകിയിരുന്നു. തുടർന്ന് നഗരസഭ ഇടപെട്ട് നിർമ്മാണം വീണ്ടും ആരംഭിക്കുകയായിരുന്നു. ഇപ്പോൾ പൈലിംഗ് ജോലികൾ അവസാനിച്ച് ഗ്രൗണ്ടിൽ നിന്നുള്ള പില്ലറുകളുടെ നിർമ്മാണമാണ് നടക്കുന്നത്. ഗാന്ധിപാർക്കിൽ നിന്നു തുടങ്ങി ആറ്റുകാൽ ബസ് സ്റ്റോപ്പിലേക്കും ആറ്റുകാൽ ബസ്റ്റോപ്പിൽ നിന്ന് കോവളം ബസ് സ്റ്റോപ്പ് ഭാഗത്തേക്കും അവിടെനിന്നും റോഡ് മുറിച്ചുകടന്ന് കോട്ടമതിലിനു സമീപവും ഇറങ്ങാവുന്ന രീതിയിലാണ് ഘടന. ആക്സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. സൺ കൺസ്ട്രക്ഷൻസ് കമ്പനിയാണ് ആദ്യം പദ്ധതി ഏറ്റെടുത്തിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങൾ കാരണം കമ്പനി ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ കാലങ്ങളായുള്ള കിഴക്കേകോട്ടയിലെ കാൽനട യാത്രക്കാരുടെ പ്രശ്‌നത്തിന് പരിഹാരമാവും. പട്ടം സെന്റ് മേരീസ് സ്‌കൂളിനു മുൻവശത്തെ ഫുട്ഓവർബ്രിഡ്‌ജിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് ഇതിന്റെ ഉദ്ഘാടനം നടക്കും. റോഡിന്റെ എതിർവശത്തുനിന്നു തുടങ്ങി പട്ടം സെന്റ് മേരീസ് സ്‌കൂളിനു മുൻവശത്താണ് ഓവർബ്രിഡ്‌ജ് അവസാനിക്കുന്നത്. ആർച്ച് മാതൃകയിൽ മേൽക്കൂരയിൽ ഇളക്കിമാറ്റാവുന്ന സ്റ്റീൽ ചട്ടക്കൂട്ടിലാണ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. 1.5 കോടി രൂപ ചെലവുള്ള പദ്ധതി നഗരസഭയുമായി ചേർന്ന് സൺ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലും സി.സി ടി.വി സംവിധാനമുണ്ട്.
പദ്ധതി തുക - 2.75 കോടി രൂപ
നിർമ്മാണം - ആക്സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
പാലത്തിന്റെ നീളം - 102 മീറ്റർ
കേരളത്തിലെ ഏറ്റവും വലിയ ഫുട് ഓവർബ്രിഡ്ജ്
----------------------------------------------------------------------
സംസ്ഥാനത്തെ ഏറ്റവും വലിയ ഫുട് ഓവർബ്രിഡ്ജും ആദ്യത്തെ ലിഫ്ടുള്ള ഓവർബ്രിഡ്ജും ഇതാണ്. കിഴക്കേകോട്ടയുടെ പൈതൃകസ്വഭാവം സംരക്ഷിച്ചുകൊണ്ട് കോട്ടമതിലിന്റെ ഘടനയ്ക്ക് യോജിക്കുന്ന തരത്തിലാണ് നിർമ്മാണം. 15 പേർക്ക് വീതം കയറാവുന്ന രണ്ട് ലിഫ്ടുകളാണ് പാലത്തിൽ സജ്ജീകരിക്കുക. എൽ.ഇ.ഡി വാളും, സി.സി ടിവി കാമറ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. ഇവിടെ നിന്നും ലഭിക്കുന്ന ഡാറ്റ നേരെ പൊലീസ് കൺട്രോൾ റൂമിലേക്കായിരിക്കും പോകുക. ശീതീകരിച്ച പൊലീസ് എയ്ഡ് പോസ്റ്റും, ടൂറിസം ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും. 100 മീറ്റർ പരിധിയിൽ സൗജന്യ വൈഫൈ ഉപയോഗിക്കാനും പൊതുജനങ്ങൾക്ക് കഴിയും.
പ്രതികരണം
---------------------------------------
മഴ തടസമായില്ലെങ്കിൽ ആഗസ്റ്റ് അവസാനത്തോട് കൂടി കിഴക്കേകോട്ടയിലെ ഫുട് ഓവർ ബ്രിഡ്‌ജിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടത്തെ ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് ഉദ്ഘാടനം നടക്കും. കൊവിഡ് കാലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മാണം നടക്കുന്നത്.
മേയർ കെ.ശ്രീകുമാർ