തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാലാംഘട്ട ഇളവുകൾ നിലവിൽ വന്നതോടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിരത്തുകളിൽ ജനക്കൂട്ടം. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും മാസ്ക് ധരിക്കാനോ സാമൂഹ്യഅകലം പാലിക്കാനോ കൂട്ടാക്കാതെ ചില ആളുകൾ പുറത്തിറങ്ങുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായേക്കും. ഞായറാഴ്ചദിവസമായിരുന്ന ഇന്നലെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണായിരുന്നതിനാൽ ആളുകൾക്ക് വാഹനങ്ങളുമായി പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. പൊലീസ് പരിശോധനയും ഇന്നലെ കർശനമായിരുന്നു. ലോക്ക് ഡൗണിൽ ഇളവ് അനുവദിക്കുകയും കൂടുതൽ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കുകയും ചെയ്ത അവസരം മുതലാക്കിയാണ് വാഹനങ്ങളുമായി ആളുകൾ കൂട്ടത്തോടെ റോഡിലിറങ്ങുന്നത്.
ആട്ടോ റിക്ഷകളും പൊതു യാത്രാവാഹനങ്ങളും ഇല്ലാത്തതൊഴിച്ചാൽ നഗരത്തിലും നാട്ടിൻ പുറങ്ങളിലുമെല്ലാം വാഹനയാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ലോക്ക് ഡൗണിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൂടുതൽ ഇളവ് അനുവദിച്ചതോടെ ഹോട്ട് സ്പോട്ടുകളൊഴികെയുള്ള മേഖലകളിൽ പൊലീസ് പരിശോധനയും ഇപ്പോൾ കാര്യക്ഷമമല്ല. ജില്ലാ അതിർത്തികളിൽ മാത്രമാണ് മുഴുവൻ വാഹനങ്ങളും പൊലീസ് പരിശോധിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നും ആളുകൾ കേരളത്തിലേക്ക് എത്തുകയും ഇവരെ വീടുകളിലും സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലാക്കിയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ ജനങ്ങൾ സ്വൈരവിഹാരത്തിന് മുതിരുന്നത് കാര്യങ്ങൾ കുഴപ്പത്തിലാക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. സമ്പൂർണ ലോക്ക് ഡൗൺ കാലത്തും ഒന്നും രണ്ടും ഘട്ടങ്ങളിലും കടകളിലും സ്ഥാപനങ്ങളിലും എത്തുന്നവർ സോപ്പും വെളളവും ഉപയോഗിച്ച് കൈകൾ കഴുകാനും മാസ്ക് ധരിക്കാനും ശ്രദ്ധിച്ചിരുന്നുവെങ്കിൽ ലോക്ക് ഡൗൺ ഇളവിൽ കൂടുതൽ കടകൾ തുറന്നശേഷം വ്യക്തി ശുചിത്വത്തിലും മറ്റും പഴയതോതിലുള്ള ജാഗ്രത ഇല്ലായിട്ടുണ്ട്. ബാങ്കുകൾ, എ.ടി.എം കൗണ്ടറുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലും സന്ദർശകരുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് ആരോഗ്യ സുരക്ഷയോ കരുതൽ നടപടികളോ ഇല്ല.
കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി തിരിച്ച് സ്വീകരിച്ചിരുന്ന കരുതൽ നടപടികളും ജാഗ്രതാ നിർദേശങ്ങളും രോഗത്തിന്റെ തീവ്രത കുറഞ്ഞതോടെ ക്രമേണ ഇല്ലാതായി. ഗൾഫ് നാടുകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തുന്നവരിൽ കൊവിഡ് ബാധിതരുടെ എണ്ണം പെരുകുന്ന സന്ദർഭത്തിൽ ഇപ്പോഴും പഴയപടിയുള്ള കരുതലാണ് ആവശ്യം. എന്നാൽ ആഴ്ചകൾ നീണ്ട ലോക്ക് ഡൗൺ നടപടികൾ ജനങ്ങളുടെ സാമൂഹ്യ ജീവിതത്തെയും സാമ്പത്തിക സ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നത് മനസിലാക്കിയാണ് ഇളവുകൾക്ക് അനുമതി നൽകിയത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ വീടുകളിലും സർക്കാർ വക കേന്ദ്രങ്ങളിലും ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്ന് ആശ്വസിക്കാമെങ്കിലും അധികൃതരുടെ കണ്ണ് വെട്ടിച്ച് ക്വാറന്റൈൻ ലംഘിക്കുന്നവരും നുഴഞ്ഞകയറി വരുന്നവരും ഭീഷണിയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിലോ ബസിലോ വരുന്നവരെയെല്ലാം പരിശോധനയ്ക്ക് ശേഷമാണ് വീടുകളിലേക്ക് അയക്കുന്നതെങ്കിലും ലക്ഷണം പ്രകടിപ്പിക്കാത്ത കൊവിഡ് കേസുകളും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തുന്നവർ കൃത്യമായി ക്വാറന്റൈനിലിരിക്കാൻ കൂട്ടാക്കാത്തതും വെല്ലുവിളിയാണ്. റെയിൽവേ സ്റ്റേഷനിലും മറ്റും ഇവരെ കൂട്ടാൻ എത്തുന്ന കാറുകളുടെ ഡ്രൈവർമാർ പതിനാല് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിബന്ധന. ഇതൊഴിവാക്കാൻ ഇരുചക്രവാഹനങ്ങളിലെത്തിയാണ് പലരും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ കൂട്ടിക്കൊണ്ടുപോകുന്നത്.
അയൽസംസ്ഥാനത്തെ താമസസ്ഥലത്തും യാത്രയിലും ഇവർ ഉപയോഗിച്ച വസ്ത്രങ്ങളുൾപ്പെടെയുള്ള സാധനങ്ങളും ലഗേജുകളും അണുവിമുക്തമാക്കേണ്ടതുണ്ട്. പ്രത്യേകം പ്ളാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ് മറ്റാർക്കും സ്പർശനത്തിലൂടെ രോഗബാധയുണ്ടാകാത്ത വിധം സുരക്ഷിതമായി വേണം ഇവ കൊണ്ടുപോകാനെന്നിരിക്കെ ഇരുചക്രവാഹനങ്ങളിൽ യാത്രക്കാർക്കൊപ്പം ലഗേജുകളും കുത്തിത്തിരുകിയാണ് പലരുടെയും യാത്ര. ഇത്തരത്തിൽ കൊവിഡ് -19 വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിലുള്ള വീഴ്ചകൾ ഗുരുതരമായ പ്രശ്നങ്ങളിലാകും നമ്മെകൊണ്ടെത്തിക്കുക.